പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും കിഫ്ബിയെ കടമെടുപ്പു പരിധിയിൽ കൊണ്ടുവന്നതും നിർമ്മാണ നടത്തിപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചെയ്ത പ്രവർത്തികളുടെ പണം പോലും ഈ സാമ്പത്തിക വർഷം കരാറുകാർക്ക് ലഭിക്കില്ല.
നബാർഡ് പ്രവർത്തികളുടെ പണവും ട്രഷറി നിയന്ത്രണക്കുരുക്കിലാണ്.എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള ജലജീവൻ മിഷൻ പദ്ധതിയും ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തികളിൽ പകുതിയിലേറെയും .മുടങ്ങുന്ന സ്ഥിതിയാണ്. അടങ്കൽ തുകയുടെ 45 ശതമാനം കേന്ദ്രവും 45 ശതമാനം സംസ്ഥാനവും 10 ശതമാനം ഗുണഭോക്ത്യ വിഹിതവുമാണ്.
പദ്ധതി 2024 ൽ പൂർത്തിയാക്കേണ്ടതാണ്. പദ്ധതി നടത്തിപ്പിൽ ഇന്ത്യയിൽ മൂപ്പതാം സ്ഥാനത്താണ് കേരളം. 35 ശതമാനം പണി പോലും പൂർത്തിയായിട്ടില്ല. ജലജീവൻ പദ്ധതി, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി തുടങ്ങി കേന്ദ്രപങ്കാളിത്വമുള്ള പദ്ധതികളിൽ കേരള വിഹിതം നൽകണമെങ്കിൽ കടമെടുക്കാതെ നിർവാഹമില്ല. സംസ്ഥാന ഫണ്ട് മാത്രമുള്ള പണികൾ വിരളമായി. എട്ടുമാസം മുതൽ മുപ്പത് മാസം വരെയുള്ള കരാറുകാരുടെ ബില്ലുകൾ കുടിശ്ശികയാണ്. സംസ്ഥാനത്ത് മൊത്തം 12,000 കോടി രൂപയോളം കുടിശികയുണ്ട്.
കൊച്ചി കോർപ്പറേഷനിൽ നാലുവർഷത്തെ കുടിശികയുണ്ട്. പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, വാട്ടർ അതോറിറ്റി , പൊതു മരാമത്ത് എന്നിവിടങ്ങളിലെല്ലാം കുടിശിക കിട്ടാനുണ്ട്. ജനുവരിയോടെ നിർമ്മാണ പ്രവർത്തികൾക്ക് അവധി നൽകേണ്ട സ്ഥിതിയുണ്ടാകും.
പണിതീർന്ന് ഒരു മാസത്തിനുള്ളിൽ 18 ശതമാനം ജി.എസ്.ടി അടയ്ക്കണമെന്നാണ് നിയമം. ബിൽതുക ലഭിക്കുന്നതുവരെ ജി.എസ്. ടി അടയ്ക്കാൻ കാത്തിരുന്നവർക്ക് ഭീമമായ പിഴയും പലിശയും ഈടാക്കാനുള്ള നോട്ടീസുകളും ലഭിച്ചു തുടങ്ങി. സത്യാവസ്ഥ ജനത്തെ ബോധ്യപ്പെടുത്താൻ ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് ധവള പത്രം ഇറക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കരാറുകളെല്ലാംവെയ്ക്കുന്നത് ഗവർണറുടെ പേരിലാണ്. അതിനാൽ, നിർമ്മാണ പ്രവർത്തികൾ മുടങ്ങാതിരിക്കാനും കരാറുകാർ കടക്കെണിയിൽ പെടാതിരിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് 22 ന് നിവേദനം നൽകും.
പൊതുപണം ഉപയോഗിച്ചുള്ള എല്ലാ കരാറുകൾക്കും ഭരണഘടനാ വ്യവസ്ഥകൾ ബാധകമാണ്. ഭരണാനുമതി, സാങ്കേതികാനുമതി നടത്തിപ്പ്, പരിപാലനം എന്നിവ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിധേയമാണെന്ന് ഉറപ്പു വരുത്താൻ ഗവർണർക്ക് ബാധ്യതയുണ്ട്.
കരാറുകാർ ജി.എസ്. ടി വിഹിതം അടക്കേണ്ടത് ബിൽതുക ലഭിച്ച് ഒരു മാസത്തിനുള്ളിൽ മതിയെന്ന നിയമഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.വാർത്തസമ്മേളനത്തിൽ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി, സെക്രട്ടറി തോമസുകുട്ടി തേവരുമുറിയിൽ, അജികുമാർ വള്ളിക്കോട് എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.