30 വർഷമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ

തിരുവല്ല: 30 വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അമ്പലക്കള്ളൻ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷണൻ(52)ആണ് പിടിയിലായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നു നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം കവർന്ന കേസിലാണ് പ്രതി പിടിയിലായത്.

ക്ഷേത്രത്തിന് സമീപത്തു നിന്നും ലഭിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി പ്രത്യേക അന്വേഷണം സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം പതിനേഴാം തീയതി അർധരാത്രിയോടെ ഇൻഡിക്ക കാറിൽ എത്തിയ പ്രതി ക്ഷേത്രത്തിന്റെ മുൻവശത്ത് കാർ നിർത്തിയ ശേഷം ക്ഷേത്ര മതിൽ ചാടി കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകർത്ത് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും ചുറ്റുവിളക്കുകളും അടക്കം കവരുകയായിരുന്നു.

ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ പ്രത്യേക അന്വേഷണ സംഘം സഞ്ചരിച്ചിരുന്ന കാർ നിർത്തി പ്രതിയെ പിടികൂടാൻ നടത്തിയ ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ ആയ പി. അഖിലേഷ്, എം.എസ്. മനോജ് കുമാർ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ നിർദേശപ്രകാരം സി.ഐ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. അഖിലേഷും എം.എസ്. മനോജ് കുമാർ, വി. അവിനാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നടക്കം തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - ​Thief arrested in Pathanmthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.