പത്തനംതിട്ട: നഗരസഭ ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുമെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വിലയിരുത്തുന്നതിന് പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
നഗരത്തിലെ എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും റിപ്പോർട്ട് വിതരണം പൂർത്തിയായി. ഭരണസമിതികൾക്ക് വെല്ലുവിളിയുയർത്തിയ ബസ്സ്റ്റാൻഡ് യാർഡിന്റെ നിർമാണ ഉദ്ഘാടനം ഉടൻ നടത്തും. ജില്ല ആസ്ഥാനത്തെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കും.
നഗരത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിയായ അമൃതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന നഗരസഭയുടെ സ്വന്തം പദ്ധതിയായ മണ്ണുങ്കൽ പദ്ധതി ഡിസംബർ 10ന് ഉദ്ഘാടനം ചെയ്യും. മൈലാടുപറയിൽ നിർമാണം പൂർത്തീകരിച്ച വെൽനസ്സ് സെന്ററിന്റെയും കുമ്പഴ മേഖല ഓഫീസിന്റെയും ഉദ്ഘാടനം മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കും.
ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം ഡിസംബർ എട്ടിന് നടക്കും. മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പർ, മാലിന്യ സംസ്കരണത്തിന് ബയോ ബിന്നുകൾ, കുടുംബശ്രീ സി.ഡി.എസിന് വേണ്ടി നിർമിച്ച കോൺഫറൻസ് ഹാൾ, നവീകരിച്ച ഹോമിയോ ആശുപത്രി തുടങ്ങിയവയുടെ ഉദ്ഘാടനങ്ങളും വാർഷികത്തോടനുബന്ധിച്ച് നടക്കും.
വിവിധ വാർഡുകളിൽ നിർമാണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. കെ.കെ നായർ ഇന്റർനാഷണൽ സ്റ്റേഡിയം, നഗരസഭ മാർക്കറ്റ്, ശ്രീ അയ്യപ്പ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിലുള്ളതും പുതിയതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.