പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ എ. ഷിബു പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകള്‍ തെളിയിക്കുന്ന ജോലികള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഘോഷയാത്ര പാതയിലും സന്നിധാനത്തും പൊലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ല പൊലീസ് മേധാവി വി. അജിത്ത് പറഞ്ഞു. ഘോഷയാത്ര ദിവസം വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള പ്രത്യേക പൊലീസ് ടീമിനെ നിയോഗിക്കും. ഘോഷയാത്രക്ക് അകമ്പടിയായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ടീമിനെ സജ്ജമാക്കും. പന്തളം ഭാഗത്ത് ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഘോഷയാത്ര കടന്നുപോകുന്ന പാതകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പൊലീസ്, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. ആംബുലന്സോടുകൂടിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ് സജ്ജമാക്കും. ഘോഷയാത്രയോടൊപ്പം എലിഫന്റ് സ്ക്വാഡിനെ വനംവകുപ്പ് നിയോഗിക്കും. ഇടത്താവളങ്ങളില്‍ ആവശ്യമായ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും താൽക്കാലിക ശൗചാലയങ്ങളും ഒരുക്കും.
ളാഹ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ സത്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. ജനുവരി 13ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.
ജില്ല ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, അടൂര്‍ ആര്.ഡി.ഒ എ. തുളസീധരന്‍ പിള്ള, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.