തിരുവല്ല: മാത്യുവിന്റെ മൃതദേഹം കയറ്റിയ ആംബുലൻസിലേക്ക് ചങ്ങല പൊട്ടിച്ച് ‘ടൈഗർ’ ഓടിയണഞ്ഞു. മരണയാത്രയിലും യജമാനനെ പിരിയാൻ അവൻ തയാറായിരുന്നില്ല. നവംബർ രണ്ടിന് നിര്യാതനായ തിരുവല്ല മേപ്രാൽ കട്ടപ്പുറത്ത് പാലത്തിട്ടയിൽ വീട്ടിൽ 69 കാരനായ പി.എം. മാത്യുവിന്റെ (തങ്കച്ചൻ) മൃതദേഹം വീട്ടിൽ നിന്ന് സെമിനാരിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു എല്ലാവരേയും കണ്ണീരണിയിച്ച വളർത്തുനായുടെ സ്നേഹപ്രകടനം. ഇപ്പോൾ അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വീടിന്റെ പിൻവശത്ത് കെട്ടിയിട്ടിരുന്ന നായാണ് ചുറ്റുമതിലും ചാടിക്കടന്ന് ആംബുലൻസിനകത്തേക്ക് പാഞ്ഞു കയറിയത്. ടൈഗറിനെ പിന്തിരിപ്പിക്കാൻ ഒരു ബന്ധു ശ്രമിക്കുന്നതും അത് വകവെക്കാതെ മുഖമുയർത്തി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് ശേഷം ആംബുലൻസിൽ നിന്നും ഇറങ്ങി വീടിന്റെ പോർച്ചിൽ മ്ലാനതയോടെ മുഖമമർത്തി കിടക്കുന്ന ടൈഗറിന്റെ കാഴ്ച എല്ലാവരിലും നൊമ്പരമായി.
മാത്യുവിന്റെ ബന്ധുവാണ് കഴിഞ്ഞദിവസം ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നാല് വർഷം മുമ്പ് വീടിന് സമീപത്തെ റോഡിൽ നിന്നും കിട്ടിയതാണ് മാത്യുവിന് നായക്കുട്ടിയെ. മക്കൾ രണ്ടുപേരും വിദേശത്തായ മാത്യുവും ഭാര്യ എൽസിയും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ടൈഗറിനെ പരിപാലിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.