തിരുവല്ല: ജില്ലയിൽ ടെമ്പിൾ സ്ക്വാഡ് പ്രവർത്തനം നിലച്ചതോടെ ആരാധനാലയങ്ങൾ മോഷ്ടാക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ജില്ലയിലെ ആരാധനാലയങ്ങളിൽ നടന്ന ഒരു ഡസനോളം മോഷണക്കേസുകളിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ക്ഷേത്രങ്ങൾ ഉൾപ്പെടെ ആരാധനാലങ്ങളുടെ സംരക്ഷണത്തിനായി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ടെമ്പിൾ സ്ക്വാഡിന്റെ പ്രവർത്തനമാണ് നിർജീവമായത്. ഇതോടെ മോഷ്ടാക്കളുടെ തേർവാഴ്ചയാണ്.
ശബരിമലക്ക് സംസ്ഥാന സർക്കാർ നേരിട്ട് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, കവിയൂർ മഹാദേവ ക്ഷേത്രം, ആറന്മുള പാർഥസാരഥി, പന്തളം വലിയകോയിക്കൽ, മലയാലപ്പുഴ ദേവി ക്ഷേത്രം, അടൂർ പാർഥസാരഥി, ഓമല്ലൂർ രക്തകണ്ഠസ്വാമി, കൊടുന്തറ സുബ്രഹ്മണ്യസ്വാമി, വള്ളിക്കോട് തൃക്കോവിൽ, തൃപ്പാറ, പത്തനംതിട്ട ധർമശാസ്ത തുടങ്ങിയ മേജർ ക്ഷേത്രങ്ങളിലും ക്രൈസ്തവ, മുസ്ലിം ദേവാലയങ്ങളിലും സംരക്ഷണം ലഭിക്കുന്നില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള മഹാക്ഷേത്രങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടി ബോർഡ് വർഷങ്ങൾക്ക് മുമ്പുതന്നെ സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രേഖകൾ പ്രകാരം ആറന്മുള ക്ഷേത്ര സംരക്ഷണത്തിന് നാലും നിധിമുറിക്ക് മുന്നിൽ രണ്ടും കാവൽക്കാരുണ്ട്. മലയാലപ്പുഴയിൽ അഞ്ചുപേരാണ് സേവനത്തിനുള്ളത്.
പന്തളത്ത് മൂന്നുപേരുണ്ട്. എന്നാൽ, ഇവരുടെ സേവനം പൂർണമായി ലഭിക്കാറില്ലെന്ന് മാത്രമല്ല സുരക്ഷ ജീവനക്കാർ നിരായുധരായതിനാൽ മോഷ്ടാക്കൾക്ക് കവർച്ച നടത്താനും എളുപ്പമാണ്. ആറന്മുളയിലാണ് ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സവിശേഷ ആഭരണങ്ങളും സ്വർണങ്ങളും സൂക്ഷിച്ചിട്ടുള്ളത്. ബോർഡിന്റെ ഏറ്റവും പ്രധാന നിധിമുറികളിൽ ഒന്നും ആറന്മുളയിലാണ്. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപം കൊട്ടാരത്തിലാണ് ശബരിമലയിലെ തിരുവാഭരണം സൂക്ഷിച്ചിട്ടുള്ളത്.
ഡിവൈ.എസ്.പിമാരുടെ കീഴിലാണ് ടെമ്പിൾ സ്ക്വാഡിന്റെ പ്രവർത്തനം. ലോക്കൽ പൊലീസിലെ വിദഗ്ധരാണ് സംഘാംഗങ്ങൾ. ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും സുരക്ഷയാണ് പ്രധാനം. മോഷണം, കവർച്ച എന്നിവ തടയൽ, ഇവയുടെ അന്വേഷണം, വിശേഷാൽ ദിവസങ്ങളിലെ സുരക്ഷ തുടങ്ങിയവ ഈ സംഘത്തിനായിരുന്നു. ലോക്കൽ പൊലീസിലെ അംഗസംഖ്യ കുറവും ജോലിഭാരവുമാണ് പ്രത്യേക സംഘത്തിന്റ പ്രവർത്തനം നിലക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
നെടുമ്പ്രത്ത് ക്ഷേത്രങ്ങളിൽ മോഷണം
തിരുവല്ല: തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു. നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
പുത്തൻകാവ് ദേവി ക്ഷേത്രത്തിലെ നാല് കാണിക്ക വഞ്ചിയും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു കാണിക്കവഞ്ചിയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാവിലെ ആറോടെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പുത്തൻകാവ് ദേവീക്ഷേത്രത്തിലെ സി.സി ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഷർട്ട് ധരിക്കാത്ത 50 വയസ്സ് തോന്നിക്കുന്ന ആളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് മോഷണം നടന്നതായി പൊലീസ് നിഗമനം. പുളക്കീഴ് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.