പത്തനംതിട്ട: തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡിന്റെ സര്‍വേ അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ നിർദേശിച്ചു. സര്‍വേക്കല്ലുകള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ജില്ല വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എം.സി റോഡില്‍ തിരുവല്ലക്ക് സമീപം പന്നിക്കുഴി പാലത്തിന്റെ അപ്രോച് റോഡ് താഴ്ന്നതുമൂലമുള്ള അപകടാവസ്ഥ പരിഹരിക്കണം. ബഥേല്‍പടി-ചുമത്ര റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ നടപടി സ്വീകരിക്കണം.
ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നത് അംഗീകരിക്കാൻ കഴിയില്ല. തിരുവല്ല ബൈപാസിലെ മഴുവങ്ങാട്, ബിവണ്‍-ബിവണ്‍, രാമന്‍ചിറ എന്നീ ജങ്ഷനുകളിലെ സൗന്ദര്യവത്കരണം സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ നടത്തും. മഴുവങ്ങാട് മീന്‍ചന്തയുടെ അടുത്തെ പൊതുമരാമത്ത് വകുപ്പിന്റെ അഞ്ച് സെന്റ് സ്ഥലത്തും സൗന്ദര്യവത്കരണം നടത്തണം.
പുളിക്കീഴ് ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണം ഉണ്ടാക്കണം. തിരുവല്ല ബൈപാസിലെ നാലു ജങ്ഷനുകളില്‍ വേഗം കുറക്കാനുള്ള സംവിധാനം ഒരുക്കണം. ബൈപാസ് ഒഴികെയുള്ള റോഡില്‍ ഹംപ് സ്ഥാപിക്കണം.
കീച്ചേരി-വാല്‍ക്കടവ് റോഡ് ആസ്തിയില്‍ ഉള്‍പ്പെടുത്തണം, പുളിക്കീഴ് റോഡ് കൈമാറണം, ആഞ്ഞിലിത്താനം കമ്യൂണിറ്റിഹാളിന്റെ ഇലക്ട്രിഫിക്കേഷന് പ്രവൃത്തികള്‍ നടത്തണം. ഈ മൂന്നു പ്രവൃത്തികൾ പൂര്‍ത്തിയാക്കുന്നത് തദ്ദേശവകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ ഉറപ്പാക്കണം. തിരുവല്ല നഗരസഭയിലെ സെക്രട്ടറിയുടെയും നെടുമ്പ്രം സെക്ഷനിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെയും ഒഴിവ് അടിയന്തരമായി നികത്തണം. തിരുവല്ല മണ്ഡലത്തിലെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള സ്കൂളുകളുടെ അവലോകനം നടത്തി റിപ്പോര്‍ട്ട് അടുത്ത ജില്ല വികസന സമിതിക്ക് മുമ്പായി സമര്‍പ്പിക്കണമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.