വടശ്ശേരിക്കര: പെരുനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ പശു ചത്തു.പെരുനാട് കോട്ടമല മാമ്പറത്ത് രാജന്റെ പശുവിനെയാണ് ബുധനാഴ്ച കൊന്നത്. ഗർഭിണിയായ പശുവാണ്. കഴിഞ്ഞ മാസം പശുവിനെ അക്രമിച്ചുകൊന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 300 മീറ്റർ മാത്രം അടുത്താണ് സംഭവം. പെരുനാട്ടിൽ വളവിനാൽ റെജിയുടെ പശുവിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു.
മുമ്പ് നടത്തിയ അതെ രീതിയിലാണ് ഇപ്രാവശ്യവും പശുവിനെ കൊന്നതെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു. നിരന്തരം കടുവയുടെ ആക്രമണമുണ്ടായപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വനം വകുപ്പ് കൂടു സ്ഥാപിച്ചിരുന്നു. എന്നാൽ, കൂട്ടിൽ കടുവ കുടുങ്ങാതെ പരിസരം മാറി ആട്ടിൻകുട്ടികളെ പിടിച്ച സംഭവം ഉണ്ടായി. തുടർന്ന് വനംവകുപ്പ് ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു.
ഇതിനിടെ ബുധനാഴ്ച കടുവ കൊന്ന പശുവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ നിക്ഷേപിച്ചു. പഴയ സ്ഥലത്തുനിന്നും കൂട് മാറ്റിയാണ് സ്ഥാപിച്ചിരിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന കടുവ ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
റാന്നി: പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രമോദ് നാരായൺ എം.എൽ.എ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു.
പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചുകൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ മാസവും കടുവയിറങ്ങി രണ്ട് പശുക്കളെ കൊന്നിരുന്നു. അതിൽ രാജൻ എബ്രഹാമിന്റെ പശുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.
പെരുനാട് ബഥനി പുതുവേൽ, കോളാമല, നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കടുവയുടെ സാന്നിധ്യം നേരത്തേ ഉണ്ടായത്. അന്ന് കടുവയെ പിടിക്കാൻ കൂടുവെച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തിയിരുന്നു.ഇവിടത്തെ ക്ഷീരകർഷകരും തോട്ടം തൊഴിലാളികളും ആശങ്കയിലാണെന്നും കടുവയെ കണ്ടെത്താൻ വിദഗ്ധരെ നിയോഗിക്കണമെന്നും എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.