വടശേരിക്കര: കടുവ ഭീതി നിലനിൽക്കുന്ന പെരുനാട് കോളാമലയിൽ പുലർച്ചെ ടാപ്പിങ്ങിനു പോയ തോട്ടം തൊഴിലാളിക്ക് നേരെ കടുവ പാഞ്ഞടുത്തു. കോളാമല സ്വദേശിയായ അറയ്ക്കൽ സജിയാണ് പത്തു മീറ്റർ അകലെവരെയെത്തിയ കടുവയുടെ മുമ്പിൽനിന്നും ഓടിരക്ഷപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ ഏഴുമണിയോടെ കോളാമലയിലെ റബർ എസ്റ്റേറ്റിൽ ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കടുവയുടെ മുന്നിൽ പെട്ടത്. സംഭവസ്ഥലം സന്ദർശിച്ച വനംവകുപ്പ് അധികൃതർ കാൽപ്പാടുകൾ വിലയിരുത്തി കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചകളിലെ ഇടവേളകളിലായി ജനവാസമേഖലയിലെത്തിയ കടുവ ഇതിനകം രണ്ടുപശുക്കളെയും ഒരു ആടിനെയും കൊന്നു.
കാടുമൂടിയ തോട്ടം മേഖലയിൽ വനംവകുപ്പും ടാസ്ക് ഫോഴ്സും ഡ്രോൺ പരിശോധനയുമൊക്കെ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിലും വീഴാതെ വഴുതിപ്പോയ കടുവ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മലയോരമേഖലയിൽ കടുത്ത ഭീതി പരത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.