റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാത പുനരുദ്ധാരണത്തിനുശേഷം സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം കണ്ടെത്തി പരിഹരിക്കാനായി പൊതുമരാമത്ത് വകുപ്പ് ട്രാഫിക് പഠനവിഭാഗം റാന്നിയിൽ പരിശോധന നടത്തി. റോഡിലെ അപകടങ്ങൾ കുറക്കുന്നതിന് ട്രാഫിക് വിഭാഗത്തെ കൊണ്ട് പരിശോധന നടത്തണമെന്ന് പ്രമോദ് നാരായൺ എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനോട് അഭ്യർഥിച്ചിരുന്നു. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഉതിമൂട് ജങ്ഷനിൽ ബസ് സ്റ്റോപ്പുകൾ ജങ്ഷനിൽ നിന്നും മാറ്റി സ്ഥാപിക്കാൻ അധികൃതർ നിർദേശം നൽകി. കൂടാതെ ഇവിടെ എത്തുന്ന വാഹനങ്ങളുടെ വേഗം കുറക്കുന്നതിന് കൂടുതൽ ലൈനുകളും വേഗനിയന്ത്രണ സ്ട്രിപ്പുകളും സ്ഥാപിക്കണം. ഉതിമൂട് വി.ഐ.പി കനാലിന് കീഴിൽ വലിയ ട്രക്കുകൾ കുരുങ്ങുന്നത് ഒഴിവാക്കാൻ കനാലിന് അടുത്തെത്തുന്നതിന് മുമ്പ് തന്നെ റോഡിന്റെ ഉയരത്തിനനുസരിച്ചുള്ള അളവിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കാനും പാലത്തിന്റെ ഉയരം സൂചിപ്പിക്കുന്ന സൂചന ബോർഡുകൾ ഇവിടെയും മണ്ണാറക്കുളഞ്ഞി, മന്ദിരം ജങ്ഷനുകളിൽ സ്ഥാപിക്കാനും നിർദേശിച്ചു. ബ്ലോക്ക് പടി ജങ്ഷനിലെ ഗതാഗത സംവിധാനം അപ്പാടെ മാറ്റേണ്ടതാണെന്ന് നിർദേശം ഉയർന്നു. ജങ്ഷനിൽനിന്നും മാറ്റി ബസ് സ്റ്റോപ്പുകൾ വെക്കണം. കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ ആ റോഡിലേക്ക് തിരിച്ചു നിർത്തുന്നതും വലിയ അപകടത്തിന് ഇടയാക്കും എന്ന് കണ്ടെത്തി. ഇവിടെ പൊക്കവിളക്ക് സ്ഥാപിക്കാനും നിർദേശം നൽകി.
പെരുമ്പുഴ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനും ഉള്ള സൂചന ബോർഡുകൾ വെക്കണം. ഇവിടെ നിലവിലെ റോഡ് മാർക്കിങ് അൽപം കൂടി പുറത്തേക്ക് ഇറക്കി വീതി അൽപം കൂടെ ഉയർത്തി 4 വരിയാക്കുകയാണെങ്കിൽ ഗതാഗത പ്രശ്നം ഒഴിവാക്കാമെന്നും നിർദേശം ഉണ്ടായി. ചെങ്കര ജങ്ഷനിൽ എരുമേലിക്ക് പോകുന്ന ബസുകളുടെ നിലവിലെ സ്റ്റോപ് ജങ്ഷനിൽ നിന്നും അൽപം കൂടി മുന്നോട്ട് മാറ്റി പാലത്തിന്റെ മറുകരയിൽ സ്ഥാപിക്കാൻ നിർദേശം നൽകി.
മന്ദമരുതി ജങ്ഷനിൽ എത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് ഇരുവശത്തും സ്ട്രിപ്പുകൾ സ്ഥാപിക്കണം. കൂടാതെ വലിയകാവ് റോഡ് തിരിയുന്ന ഭാഗത്തും ഇരുവശത്തും സ്ട്രിപ്പുകൾ സ്ഥാപിക്കണം. ഇവിടെ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ പാതയോരത്ത് ഓവർ ടേക്കിങ് പാടില്ല എന്ന ബോർഡ് വെക്കണം. കൂടാതെ റോഡിന്റെ മധ്യഭാഗം മഞ്ഞവരയിട്ട് വേർതിരിക്കണം . എരുമേലിക്ക് തിരിയുന്ന പ്ലാച്ചേരി ജങ്ഷനിൽ എരുമേലി പ്ലാച്ചേരി റോഡ് സംസ്ഥാനപാതയിലൂടെ പോകുന്ന യാത്രക്കാരുടെ ശ്രദ്ധയിൽ എളുപ്പം പതിയുകയില്ല. ഇവിടെ ഇരുവശത്തും കൂടുതൽ സ്ട്രിപ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം കുറപ്പിക്കണം.
കൂടാതെ വേഗപരിധി നാൽപത് കിലോമീറ്റർ കാണിച്ച ബോർഡും വെക്കണം. റോഡ് സേഫ്റ്റി വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എം.സിയാദ്, അസി എക്സി എൻജിനീയർ അനീഷ തോമസ്, കെ.എസ്.ടി.പി എക്സി. എൻജിനീയർ റോജി.പി വർഗീസ്, അസി.എൻജിനീയർമാരായ ഉമേഷ് കൃഷ്ണൻ, ഷീജ, ഓവർസിയർമാരായ സജിത്ത്, ജിഷിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.