പത്തനംതിട്ട: റോഡുകൾ കുത്തിപ്പൊളിച്ച ശേഷം പൂർവസ്ഥിതിയിലാക്കാത്ത ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും. നഗരത്തിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ അടക്കാനും റോഡിന്റെ വശങ്ങളിലെ മൺകൂനകളും തിട്ടകളും നീക്കം ചെയ്ത് ജില്ല കേന്ദ്രത്തിലെ റോഡുകൾ പൂർവസ്ഥിതിയിലാക്കാനും ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കർശന നിർദേശം നൽകി.
പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ തിരുവല്ല- കുമ്പഴ സംസ്ഥാന ഹൈവേയിൽ കുമ്പഴ മുതൽ സെന്റ് പീറ്റേഴ്സ് ജങ്ഷൻ വരെയും അടൂർ റോഡിൽ സ്റ്റേഡിയം വരെയുമാണ് ജല അതോറിറ്റി കരാറുകാരായ ലോട്ടസ് കമ്പനി കുഴികളെടുത്തത്. പ്രതിഷേധം ശക്തമായതോടെ കമ്പനി കുഴികൾ മണ്ണിട്ട് നികത്തുന്ന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും മൺകൂനകൾമൂലം ഗതാഗത തടസ്സം രൂക്ഷമായിരുന്നു.
31നകം പണികൾ പൂർത്തീകരിക്കണമെന്ന് ജലവിഭവ മന്ത്രി വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ, കാര്യങ്ങളിൽ പുരോഗതിയുണ്ടായില്ല. സർവിസ് കണക്ഷൻ നൽകുന്ന ജോലി പുരോഗമിക്കുകയാണ്. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് നഗരസഭ ചെയർമാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്തത്.
ജലവിഭവ വകുപ്പിന്റെ ഉപദേശക സമിതി യോഗവും കഴിഞ്ഞ ദിവസം ചെയർമാന്റെ നിർദേശപ്രകാരം കൂടിയിരുന്നു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്ന പൊതുനിർദേശമാണ് യോഗത്തിൽ ഉയർന്നത്. സർവിസ് ലൈനുകൾ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കായി രണ്ടാഴ്ചകൂടി വേണ്ടി വരുമെന്നാണ് ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഉപദേശക സമിതിയെ അറിയിച്ചത്.
ഈ സാഹചര്യത്തിലാണ് റോഡ് പൂർവ സ്ഥിതിയിലാക്കാൻ മൺകൂനകൾ നിരത്തി വെറ്റ് മിക്സ് ഉപയോഗിച്ച് താൽക്കാലികമായി പ്രവൃത്തി നടത്താൻ ജലവിഭവ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 413ാം വകുപ്പ് പ്രകാരം നോട്ടീസ് നൽകാൻ റെഗുലേറ്ററി കമ്മിറ്റി നഗരസഭ സെക്രട്ടറിയോട് നിർദേശിച്ചത്. ജില്ല ആസ്ഥാനത്തെ ട്രാഫിക് നിയന്ത്രണത്തിന് 10 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ജില്ല പൊലീസ് മേധാവിയോട് യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.