പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശമായ പെരുനാട് പഞ്ചായത്തിൽ സർക്കാർ ഭൂമി കൈയേറിയുള്ള സ്വകാര്യ വ്യക്തികളുടെ പാറ ഖനനം അവസാനിപ്പിക്കണമെന്ന് പെരുനാട് ഗ്രാമസുരക്ഷാസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ അതീവസംരക്ഷിത പ്രദേശമായി കണ്ടെത്തിയ പെരുനാട് വില്ലേജിലെ കണ്ണന്നുമൺ നരിപ്പാറമലയിലാണ് ഖനനം നടക്കുന്നത്. പാറ, മണ്ണ് ഉൾപ്പെടെ എല്ലാ ഖനനങ്ങളും നിരോധിച്ചതാണ്. റവന്യൂ രേഖകളിൽ തരിശ് ഭൂമിയായി അടയാളപ്പെടുത്തിയ ഭൂമിയിലാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനം റവന്യൂ ഭൂമികൾ കൈയേറി സ്വകാര്യവ്യക്തികൾ ഖനനം നടത്തുന്നത്.
മുമ്പ് നിബിഡ വനമായിരുന്ന സ്ഥലമാണിത്. പ്രകൃതിദുരന്ത സാധ്യതയുള്ളതും മുമ്പ് ഉരുൾപൊട്ടിയ സ്ഥലവുമാണ്. സമീപത്ത് കക്കാട്ടാറിന്റെ തീരത്ത് ഒരു ഡാമും മുകളിലും താഴെയുമായി മറ്റു മൂന്നു ഡാമുകളും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടത്തെ ഖനനവും സ്ഫോടനങ്ങളും വൻ ദുരന്തത്തിന് ഇടയാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ശബരിമല വനത്തിന്റെ ഭാഗമായിരുന്നതും ഇപ്പോൾ ളാഹ കൂനംകര, കണ്ണന്നുമൺ, അരിക്കാകാവ് വനങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ അതിരു പങ്കിടുന്നതും കുത്തനെ ചരിഞ്ഞതും ഉയർന്നതും മണ്ണൊലിപ്പുള്ളതും ഉരുൾപൊട്ടൽ പ്രദേശവുമാണ് നരിപ്പാറമല.
മേഘവിസ്ഫോടനത്തിനും മലയിടിച്ചിലിനും ഭൂചലനത്തിനും പൈപ്പിങ് പ്രതിഭാസത്തിനും സാധ്യതയുള്ള പ്രദേശവുമാണ്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട കാനനപാതയിലെ പ്രധാന സഞ്ചാരപഥവും അയ്യപ്പന്മാർ വിരിവെക്കുകയും വിശ്രമിക്കുകയും മലദൈവമായി ആരാധിക്കുകയും ചെയ്തിരുന്ന സ്ഥലമാണ് നരിപ്പാറമല. ഇവിടെയുണ്ടാകുന്ന ദുരന്തങ്ങൾ ആലപ്പുഴ ജില്ലയേയും ബാധിക്കും.
വാർത്തസമ്മേളനത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതി ജോയന്റ് സെക്രട്ടറി അംബുജാക്ഷൻ നായർ, ചെയർമാൻ പി.ടി. രാജു, ജനറൽ കൺവീനർ വി.എൻ. യശോധരൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.