പത്തനംതിട്ട: കോവിഡ് -19 പ്രതിരോധ നടപടിയുടെ ഭാഗമായി നാലാംഘട്ട അണ്‍ലോക് പ്രകിയ ഈമാസം 21 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം ജനങ്ങള്‍ പാലിക്കണമെന്ന് കലക്ടർ പി.ബി. നൂഹ് അറിയിച്ചു.
അണ്‍ലോക്- നാല് കാലയളവില്‍ കണ്ടെയ്ൻമെൻറ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ നിയന്ത്രണം: സ്കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ കോച്ചിങ് സ്ഥാപനങ്ങള്‍ എന്നിവ 30വരെ തുറക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ വിദൂരപഠനം തുടരാം. അതേസമയം, ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 50 ശതമാനം അധ്യാപക-അനധ്യാപക ജീവനക്കാരെ വിദ്യാലയങ്ങളിലേക്ക് വിളിക്കാന്‍ അനുവാദമുണ്ട്.
21 മുതല്‍ കണ്ടെയ്ൻമെൻറ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ഇത് ബാധകം. 21 മുതല്‍ വിദ്യാലയങ്ങളിലെ ഒമ്പത് മുതല്‍ 12വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അധ്യാപകരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുന്നതിനായി സ്വമേധയ കണ്ടെയ്ൻമെൻറ് സോണിന് പുറത്തുള്ള സ്കൂളുകള്‍ മാത്രം സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇത് രക്ഷാകര്‍ത്താക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിരിക്കണം. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മതപരമായ ചടങ്ങുകളും നടത്താന്‍ സാധിക്കും.
പരമാവധി 100പേര്‍ക്ക് പങ്കെടുക്കാം. വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 100പേര്‍ക്ക് പങ്കെടുക്കാം. സിനിമഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, തിയറ്ററുകൾ, ഓഡിറ്റോറിയം, അസംബ്ലി ഹാളുകള്‍, ബാറുകള്‍, സമാനസ്ഥലങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ പാടില്ല. അതേസമയം, ഓപൺ എയര്‍ തിയറ്ററുകൾ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചത് ഒഴികെയുള്ള അന്താരാഷ്ട്ര വിമാനയാത്ര അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണമില്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം അനുമതികളും ഇ-പെര്‍മിറ്റും ആവശ്യമില്ല. എസ്.ഒ.പി പ്രകാരം പാസഞ്ചര്‍, ശ്രമിക് ട്രെയിനുകളില്‍ എത്തുന്നവരുടെയും വിമാനം, കടല്‍മാര്‍ഗങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരുടെയും ഗതാഗതം യഥാക്രമം തുടരും. കണ്ടെയ്ൻമെൻറ് സോണുകളില്‍ 30വരെ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ തുടരും. കണ്ടെയ്ൻമെൻറ് സോണുകളുടെ അതിര്‍ത്തികള്‍ ജില്ല അധികാരികള്‍ നിര്‍ണയിക്കും.
കലക്ടര്‍മാരും സംസ്ഥാന സര്‍ക്കാറും കണ്ടെയ്ൻമെൻറ്് സോണുകളുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കണ്ടെയ്ൻമെൻറ് സോണുകളില്‍ അവശ്യ സര്‍വിസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
മെഡിക്കല്‍ അത്യാഹിതങ്ങള്‍, അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നടത്തുന്നവര്‍ എന്നിവര്‍ ഒഴികെ കണ്ടെയ്ൻമെൻറ് സോണുകളില്‍നിന്ന് പുറത്തേക്കോ അകത്തേക്കോ ഉള്ള യാത്രകള്‍ കര്‍ശനമായും അനുവദിക്കില്ല. കണ്ടെയ്ൻമെൻറ് സോണുകളില്‍ കോൻടാക്ട് ട്രെയ്സിങ്ങും വീടുകളിലെ നിരീക്ഷണവും മറ്റ് ക്ലിനിക്കല്‍ ഇടപെടലുകളും ഉണ്ടാകണം. നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിെൻറ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
65 വയസ്സിനു മുകളിലുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും ഗര്‍ഭിണികളും 10വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തുടരണം. ആരോഗ്യപരമായും മറ്റ് അത്യാവശ്യങ്ങക്കും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജീവനക്കാര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. ആരോഗ്യവിവരങ്ങൾ അതിൽ രേഖപ്പെടുത്തുകയും വേണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.