തിരുവല്ല: പരുമല പനയന്നാർകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര നടക്കുന്നതിനിടെ രണ്ട് സംഘം തമ്മിലുള്ള ആക്രമണം തടയാനെത്തിയ പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. വിഷു ആഘോഷദിവസമായ ശനിയാഴ്ച വൈകീട്ട് 6.30ന് പരുമല തിക്കപ്പുഴയിലാണ് സംഭവം. അക്രമിസംഘത്തിലെ അഞ്ച് പ്രതികളെ പുളിക്കീഴ് പൊലീസ് പിടികൂടി.
പരുമല സ്വദേശികളായ കന്ന്യാത്തറ വീട്ടിൽ അനന്തുബാലകൃഷ്ണൻ (26), മനു കെ. മണിക്കുട്ടൻ (30), തയ്യിൽ തോപ്പിൽ ആഷിഷ് കെ. ജോൺ (23), മലയിൽ വടക്കേതിൽ വിപിൻ (30), തെക്കേകാട്ടിൽ അഭിജിത്ത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഇരുപതോളം പേരാണ് സംഘം ചേർന്ന് അക്രമണം നടത്തിയതായി പൊലീസ് പറയുന്നത്. പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസുകാരനായ ആനന്ദ് വി.ആർ. നായർക്കാണ് ഇടതു ചെവിക്ക് പിന്നിലായി പരിക്കേറ്റത്. അക്രമികൾ കരിക്കിന് എറിയുകയായിരുന്നു. പൊലീസുകാരൻ നിലത്തുവീഴുകയും അക്രമി സംഘത്തിലെ മറ്റുള്ളവർ ചേർന്ന് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അക്രമം തടയാനെത്തിയ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുധീപിനും പരിക്കേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാർക്കും മർദനമേറ്റു. പൊലീസുകാരെ അക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.