പത്തനംതിട്ട: ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് പമ്പാനദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു. പമ്പാനദിയുടെയും കൈവഴിയുടെയും സമീപത്തുള്ള 18 പഞ്ചായത്തിലാണ് മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പരിശോധന നടത്തിയത്.
ജല മലിനീകരണത്തിന് കാരണമാകുന്ന തരത്തിലുള്ള മാലിന്യനിക്ഷേപം, വീടുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നത്, നീരൊഴുക്ക് തടസ്സപ്പെടുന്നതു മൂലമുള്ള ജലമലിനീകരണം തുടങ്ങിയവ പരിശോധിച്ചു.
നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പിഴ ചുമത്തി.
ജലാശയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുജനങ്ങളിലൂടെ മേല്‍നോട്ടം ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കിയ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്നതെന്നും പരിശോധന തുടര്‍ച്ചയായി ഉണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ കെ. രശ്മിമോള് പറഞ്ഞു. പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കിവിട്ടാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ തടവു ശിക്ഷയും ലഭിക്കാം.
ജില്ല ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്, ഹരിത കേരള മിഷന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംയുക്തമായ നടത്തിയ പരിശോധനയില്‍ പ്രത്യേക ചുമതല നല്കിയ ജില്ലതല ഉദ്യോഗസ്ഥരും പഞ്ചായത്ത് വിജിലന്‍സ് സ്ക്വാഡും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.