പത്തനംതിട്ട: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നാശം വിതക്കുന്നത് തുടരുമ്പോൾ വീടൊഴിയാനൊരുങ്ങി നിരവധി കുടുംബങ്ങൾ. വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിരവധി കുടുംബങ്ങളാണ് കാർഷിക വിളകളെല്ലാം ഉപേക്ഷിച്ച് വീടൊഴിയാൻ തയ്യാറായിരിക്കുന്നത്. കോന്നി വനം ഡിവിഷനിൽ നടുവത്ത് മൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. കൊക്കാത്തോട് മേഖലയിൽനിന്ന് വീടൊഴിയാൻ സന്നദ്ധത അറിയിച്ച് കൊണ്ട് 138 കുടുംബങ്ങൾ അപേക്ഷ നൽകിയിരുന്നു. ഇതിൽ 71 അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി. 51 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. പരിശോധന പൂർത്തിയാക്കിയ അപേക്ഷകൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അധ്യക്ഷനായ കമ്മിറ്റിയും അംഗീകരിച്ചു. 55 അപേക്ഷകൾ കൂടി കമ്മിറ്റിയുടെ പരിഗണനയിലാണ്. 1948 മുതൽ ഇവിടെ താമസിക്കുന്നവരാണ് വീടൊഴിയുന്നത്. കൊക്കാത്തോട്, മൂർത്തിമൺ, പൂച്ച കുളം മേഖലയിൽനിന്ന് മുമ്പ് നിരവധി കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ചുപോയിരുന്നു.
വനത്താൽ ചുറ്റപ്പെട്ട കിടക്കുന്ന ജനവാസ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ഒരുക്കുന്ന പദ്ധതിയാണ് സ്വയം സന്നദ്ധ പുനരധിവാസം. താമസയിടം വിട്ടുപോകാൻ സന്നദ്ധമാണെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകും. ഒഴിയുന്ന സ്ഥലം സർക്കാർ ഏറ്റെടുത്ത് സ്വാഭാവിക വനമേഖലയാക്കി മാറ്റും. വനമേഖലയോട് ചേർന്ന് സ്ഥലങ്ങളെ അഞ്ചു യൂനിറ്റ് ആക്കി തിരിച്ചാണ് നഷ്ടപരിഹാരം നൽകുക. പദ്ധതി നടത്തിപ്പിനായി എം.എൽ.എയും ഡി.എഫ.ഒയും ഉപ്പെടുന്ന അഞ്ചു കമ്മിറ്റികളുണ്ട്. കൃഷി ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും വന്യമൃഗങ്ങൾ ഭീഷണി ആയതോടെയാണ് പലരും വീടുവിട്ടിറങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും കൊക്കാത്തോട്, മൂർത്തിമൺ, പൂച്ച കുളം തുടങ്ങിയ പ്രദേശങ്ങൾ പിന്നാക്കാവസ്ഥയിലാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾക്ക് കുറവൊന്നുമില്ലെങ്കിലും സാഹചര്യങ്ങൾക്കൊരു മാറ്റവുമില്ലെന്ന് കാർഷിക വൃത്തി ചെയ്ത് ഉപജീവനം നയിച്ചവർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന രാഷ്ട്രീയക്കാർക്കും ഇതിനൊന്നും മറുപടിയില്ലെന്നതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.