ചിറ്റാർ: ചാലക്കയത്തിനു സമീപം വന്യജീവി ആക്രമണം നേരിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നു വയസ്സുകാരനെയും ഒപ്പം കഴിയുന്ന മാതാപിതാക്കളെയും അവഗണിച്ചത് പട്ടികവർഗ വികസന വകുപ്പ്.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയാണ് ചാലക്കയം വെള്ളാച്ചിമലയിലെ ആദിവാസി ഊരിൽ ഭാസ്കരന്റെ മകൻ സുബീഷിനെ വന്യജീവി ആക്രമിച്ചത്. മാതാവിനോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ തലക്കാണ് പരിക്കേറ്റത്.
പുലി ആക്രമിച്ചെന്ന് മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. തലയിൽ പിടിച്ചുവലിച്ച് കുഞ്ഞിനെ പുലി എടുത്തുകൊണ്ടുപോകുന്നത് കണ്ട് താൻ ബഹളംവെച്ച് പിന്നാലെ ഓടിയതോടെ ഉപേക്ഷിച്ചെന്നാണ് പിതാവ് ഭാസ്കരൻ പറയുന്നത്.
കുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ തലക്ക് 13 തുന്നൽ വേണ്ടിവന്നു. ശബരിമലയിൽ മാസപൂജക്ക് നട തുറന്നിരുന്നതിനാൽ തീര്‍ഥാടകരുടെ വാഹനങ്ങൾ റോഡിലുണ്ടായിരുന്നതിനാലാണ് കുട്ടിയെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതെന്ന് ഭാസ്കരൻ പറഞ്ഞു. നിലക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നതിനാൽ അവിടെയെത്തിച്ച് ആംബുലന്‍സിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ സൗജന്യ ചികിത്സയായിരുന്നെങ്കിലും ഏറെ ദുരിതമാണ് അനുഭവിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ആശുപത്രിയിൽനിന്ന് ലഭിച്ച ഉച്ചഭക്ഷണം മാത്രമാണ് ഇവർ കഴിച്ചിരുന്നത്. വസ്ത്രം മാറാൻ പോലുമില്ലാത്ത സാഹചര്യമായിരുന്നു. പട്ടികവർഗ വികസന വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണമുള്ള ആദിവാസി ഊരിൽ നടന്ന അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വേണ്ട നടപടികളുമുണ്ടായില്ല.
പട്ടികവര്ഗത്തില്പെട്ടവർ ആശുപത്രി വാസത്തിലായാൽ കൂടെ നില്‍ക്കുന്നവര്‍ക്ക് ധനസഹായം എത്തിക്കേണ്ട ഉദ്യോഗസ്ഥർ അതിനും ശ്രമിച്ചില്ല. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിന് ആശുപത്രിയിലെത്തിയപ്പോൾ കൈയിൽ പണം ഉണ്ടായിരുന്നില്ല.
ഭക്ഷണവും മാറാൻ വസ്ത്രവുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവർ. സന്നദ്ധ സംഘടനകൾ നൽകുന്ന ഒരുനേരത്തെ പൊതിച്ചോറായിരുന്നു ആശ്രയം. നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കി കുടുംബത്തെ ദുരിതത്തിലാക്കിയ ഉദ്യോഗസ്ഥരുടെ നിലപാട് വൻ പ്രതിഷേധമാണ് വരുത്തിവെച്ചത്.
മൂന്നു വയസ്സുകാരനെ ആക്രമിച്ചത് പുലിയാണെന്ന സ്ഥിരീകരണമില്ലെന്ന വാദമുഖമാണ് വനം വകുപ്പിന് ഇപ്പോഴുമുള്ളത്. വന്യജീവി ആക്രമിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക വിവരങ്ങൾ തേടിയതല്ലാതെ തുടരന്വേഷണത്തിനും വനംവകുപ്പ് തയാറായില്ല.
ആദിവാസി ഊരുകളിൽ വന്യജീവികളുടെ ശല്യം പതിവാണെന്ന രീതിയിൽ ഉദാസീനമായാണ് വനംവകുപ്പിന്റെ പ്രതികരണം. തിരികെ ആദിവാസി ഊരിലേക്ക് മടങ്ങാൻ ഈ കുടുംബം ഭയക്കുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ കടുവയുടെ ശല്യമുണ്ടായി. 25 ദിവസം പ്രായമായ കുഞ്ഞുമായി കഴിയുന്ന ആദിവാസി യുവതി രാജലക്ഷ്മി കിടന്നിരുന്ന കുടിലിന്റെ അരികിലാണ് കടുവ എത്തിയത്.
സമീപത്തുണ്ടായിരുന്ന ഭർത്താവ് രാജേന്ദ്രനും മറ്റ് കുട്ടികളും ബഹളംവെച്ചതോടെ കടുവ ഓടി മാറിയെന്നാണ് പറയുന്നത്. ഈ ഭാഗത്ത് വന്യജീവികളുടെ ശല്യം തീരെ ഇല്ലായിരുന്നെന്ന് രാജേന്ദ്രൻ പറയുന്നു.കാട്ടാനയുടെ നിരന്തരശല്യം കാരണം മരത്തിനു മുകളിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പിന്നീട് വിവിധസംഘടനകൾ ചേർന്ന് നിർമിച്ചു നൽകിയ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
പത്തനംതിട്ട: പട്ടികവർഗ വികസന വകുപ്പിന്റെ നിരുത്തരവാദ സമീപനംമൂലം കുടുംബത്തിന് ദുരിതജീവിതം നയിക്കേണ്ടി വന്നത് വ്യാപക പ്രതിഷേധത്തിനിടയായതോടെ മന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി. ഇവർക്ക് വസ്ത്രങ്ങളും പാത്രങ്ങളും അടക്കം അവശ്യസാധനങ്ങളും കൈമാറി.
ആശുപത്രിയിൽ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിൽനിന്ന് അനുവദിച്ച 350 രൂപയുടെ ധനസഹായം ഡിസ്ചാര്‍ജ് സമയത്ത് ഒരുമിച്ച് നല്‍കാതെ അതത് ദിവസം നൽകാൻ നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. യഥാസമയം ഭക്ഷണം ലഭിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്.
ആക്രമണമേറ്റ കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വേണ്ട ശ്രദ്ധാപൂർവമായ പരിചരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശങ്ങൾ നൽകിയെന്നും ആരോഗ്യ മന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.