പത്തനംതിട്ട: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. 'ഒന്നായി തുല്യരായി തടുത്തുനിർത്താം' എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.
കലക്ടറേറ്റിൽനിന്ന് ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സമാപിക്കുന്ന റാലി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഫ്ലാഗ്ഓഫ് ചെയ്യും. ബുധനാഴ്ച വൈകീട്ട് 5.30ന് പത്തനംതിട്ട മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ നടക്കുന്ന ദീപം തെളിക്കൽ ചടങ്ങ് മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
ദിനാചരണത്തിന്റെ ഭാഗങ്ങളിൽ സെമിനാറുകൾ, രക്തദാന ക്യാമ്പുകൾ, റെഡ് റിബൺ ധരിക്കൽ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ. എൽ. അനിതകുമാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല എയ്ഡ്സ് കൺട്രോൾ ഓഫിസർ നിധീഷ് ഐസക് സാമുവൽ, ജില്ല മാസ്മീഡിയ ഓഫിസർ ടി.കെ. അശോക്കുമാർ എന്നിവരും പങ്കെടുത്തു.
ജില്ലയിൽ 582 എയ്ഡ്സ് രോഗികൾ
പത്തനംതിട്ട: ജില്ലയിൽ ചികിത്സയിലും നിരീക്ഷണത്തിലുമുള്ളത് 582 എയ്ഡ്സ് രോഗികൾ. ഈ വർഷം 18 രോഗികളെയാണ് കണ്ടെത്താൻ കഴിഞ്ഞത്. 16,307 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പേഴാണ് 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഈ വർഷം രോഗം ബാധിച്ച് അഞ്ചുപേർ മരിച്ചതായും ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി പറഞ്ഞു. ഇതിൽ നാലുപേർ പുരുഷന്മാരാണ്. രോഗബാധിതരുടെ തോത് ഇതര ജില്ലകളെ അപേക്ഷിച്ച് കുറവാണ്. അമ്മയിൽനിന്ന് രോഗം ബാധിച്ച കുഞ്ഞുങ്ങൾ ജില്ലയിൽ ഇല്ല. രോഗബാധിതർക്ക് 1000 രൂപ പെൻഷൻ നൽകുന്നുണ്ട്. ജില്ല പഞ്ചായത്ത് പദ്ധതിയിൽ വർഷത്തിൽ രണ്ടുതവണയായി 350 പേർക്ക് പോഷകാഹാര കിറ്റും നൽകുന്നു. രോഗം ബാധിച്ച കുട്ടികൾക്ക് ചങ്ങനാശ്ശേരി അതിരൂപത വഴി വിദ്യാഭ്യാസ സഹായവും നൽകുന്നു. രോഗബാധിതർക്ക് തുടക്കത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ ഉഷസ് കേന്ദ്രത്തിലാണ് ചികിത്സ. തുടർചികിത്സ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ലഭ്യമാണ്. ജില്ലയിലെ ഏഴു കേന്ദ്രങ്ങളിൽ ടെസ്റ്റിങ്, കൗൺസലിങ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.