ബദരിയ മഹല്ല്; പ്രചാരണം തെറ്റിദ്ധാരണാജനകം: ജമാഅത്തെ ഇസ്‌ലാമി നിയമനടപടിക്ക്

എറിയാട്: മാടവന ബദരിയ മഹല്ലുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ചില പത്ര-ദൃശ്യ-സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അത്താണി ഹൽഖ വാർത്താക്കുറിപ്പിൽ അറിയിച്ചു. മേയ് 22ന് മഹല്ലിൽ നടന്ന തെരഞ്ഞെടുപ്പിൽ ബദരിയ മഹല്ല് വികസന സമിതി, ഐക്യസംരക്ഷണ സമിതി എന്നീ രണ്ട് പാനലുകൾ മത്സരിച്ചിരുന്നു. ഇതിൽ ബദരിയ മഹല്ല് വികസന സമിതിയെ പിന്തുണക്കുക മാത്രമാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തത്. ആറുവർഷമായി മഹല്ല് ഭരണം നടത്തിയിരുന്ന ഐക്യ സംരക്ഷണ സമിതി, വഖഫ് ട്രൈബ്യൂണലിന്റെ വിധിയുണ്ടായിട്ടും മഹല്ല് ഭരണഘടനക്ക് വിരുദ്ധമായ ആചാരങ്ങളാണ് നടപ്പാക്കിയിരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ബദരിയ്യ മഹല്ല് വികസന സമിതി, പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതനുസരിച്ച് മഹല്ല് ഭരണഘടന പ്രകാരമുള്ള ആചാരങ്ങൾ പുനഃസ്ഥാപിക്കുന്നതിനിടെ മുൻ ഭരണസമിതി അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ജുമുഅ ഖുതുബ അലങ്കോലപ്പെടുത്താനും ഖതീബിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചതായും വാർത്താക്കുറിപ്പിൽ ആരോപിച്ചു. സംഭവം ജമാഅത്തെ ഇസ്‌ലാമി-സുന്നി വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമായി ചിത്രീകരിച്ച് മഹല്ല് നിവാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പടച്ചുവിടുന്നതിലൂടെ തൽപരകക്ഷികൾ ലക്ഷ്യം വെക്കുന്നത്. പ്രാദേശികമായുണ്ടാകുന്ന സംഘർഷങ്ങളിലേക്ക് പ്രസ്ഥാനത്തെ വലിച്ചിഴച്ച് പ്രചാരണം നടത്തുന്നതിൽ ഹൽഖ പ്രതിഷേധിച്ചു. ഏകപക്ഷീയമായ വാർത്താക്കുറിപ്പുകളുടെ ചുവടുപിടിച്ച് നിയമാനുസൃതമായും സമാധാനപരമായും പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിച്ച പത്ര-ദൃശ്യ മാധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും അത്താണി ഹൽഖ നാസിം പി.എസ്. ഹബീബുല്ല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT