കുന്നംകുളം: നഗരത്തിൽ എത്തുന്ന വാഹനങ്ങളിൽനിന്ന് അനുവദിച്ചതിൽ നിന്നും മൂന്നിരട്ടി പാർക്കിങ് ഫീസ് ഈടാക്കുന്നു. കുന്നംകുളം നഗരസഭ നിശ്ചയിച്ച സ്ഥലത്താണ് പകൽ കൊള്ള നടത്തുന്നത്. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയയിലാണ് അമിതമായി പണം പിരിക്കുന്നത്.
നഗരസഭയുടെ നിർദേശപ്രകാരം അനുവദിച്ച തുകയുടെ മൂന്നിരട്ടിയാണ് വാങ്ങിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ കരാറുകാരന് നിശ്ചയിച്ച തുകയുടെ മൂന്നിരട്ടിയാണ് പൊതു ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്നത്.
നാലുചക്ര വാഹനങ്ങൾക്ക് 10 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് രൂപയും അഞ്ച് മണിക്കൂറിലധികം സമയം നിർത്തിയിട്ടാൽ ഇരട്ടി തുകയുമാണ് ഈടാക്കാൻ നിർദേശം.
എന്നാൽ നാലുചക്ര വാഹനത്തിൽനിന്ന് വാങ്ങിക്കുന്നത് 30 രൂപയാണെന്നാണ് പരാതി. 20 രൂപയുടെ കൂപ്പണിൽ 10 രൂപയും കൂടി എഴുതിച്ചേർത്താണ് പണപ്പിരിവ്. കരാറുകാരൻ പ്രതിമാസം 33,500 രൂപയും ജി.എസ്.ടിയും ചേർത്താണ് ലേലത്തിലെടുത്തിട്ടുള്ളത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.
മാസങ്ങളായി ഇത്തരം രീതിയിലുള്ള കൊള്ള നടന്നിട്ടും ഇക്കാര്യത്തിൽ നഗരസഭ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായ വ്യക്തി വിവരാവകാശ നിയമപ്രകാരം നഗരസഭയോട് ചോദിച്ചപ്പോഴാണ് പാർക്കിങ് ഫീസ് നിരക്കറിയുന്നത്.
നഗരസഭ റവന്യൂ വിഭാഗത്തിലും ഭരണസമിതി അംഗങ്ങൾക്കിടയിലും ഇക്കാര്യം അറിഞ്ഞിട്ടും യാതൊരു പ്രതികരണവും നാളിതുവരെ ഉണ്ടായിട്ടുമില്ല.
നഗരസഭ അധികാരികൾ മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. വാഹന ഉടമകൾക്ക് നൽകുന്ന രസീതിയിൽ നഗരസഭ സീൽ പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.