ചാലക്കുടി: പശ്ചിമഘട്ടത്തിലെ മഴക്കാടുകളിൽ മാത്രം കണ്ടു വരുന്ന പച്ചിലപ്പാറൻ അഥവാ ഇളിത്തേമ്പൻ തവളയെ മേലൂരിൽ കണ്ടെത്തി. വംശനാശം നേരിടുന്ന ഈ ഇനം റെഡ് കാറ്റഗറിയിൽ പെട്ട ജീവിയാണ്. കഴിഞ്ഞ ദിവസം മേലൂരിൽ സാമൂഹിക പ്രവർത്തകനായ ദീപേഷ് പട്ടത്തിൻെറ വീട്ടുമുറ്റത്ത് ചെമ്പോത്ത് കൊത്തിയെടുത്ത് കൊണ്ടു വന്നിട്ടതാണ് ഈ തവളയെ. ഇതിൻെറ സവിശേഷത മനസ്സിലാക്കി ദീപേഷ് സംരക്ഷണമൊരുക്കുകയായിരുന്നു. വൻവൃക്ഷങ്ങളിൽ നിന്ന് വൻ വൃക്ഷങ്ങളിലേക്ക് ഒഴുകി പറക്കാൻ കഴിവുള്ള ഈ തവള അധികനേരവും ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന സ്വഭാവക്കാരനാണ്. ശരീരത്തിൻെറ പുറംഭാഗം കടുത്ത പച്ച നിറത്തിൽ ഉള്ള ഈ ജീവികളുടെ അടിഭാഗം മുഷിഞ്ഞ വെള്ളനിറമാണ്. വളരെ മെലിഞ്ഞ ശരീരമാണിവക്കുള്ളത്. ശരീരത്തിന് യോജിക്കാത്തത്ര വലിയ കണ്ണുകൾ ഇതിന് ഒരു കോമാളി രൂപം നൽകുന്നു. പകൽസമയം ഉറങ്ങുകയും രാത്രിയിൽ സഞ്ചരിക്കുകയും ഇരപിടിക്കുകയും ചെയ്യുന്നതാണ് ഇളിത്തേമ്പൻ തവള. കൈകാലുകൾ മടക്കി ഏതെങ്കിലും ഇലയുടെ അടിയിൽ ഇരിക്കുന്ന ഇവയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. വലിയകണ്ണിലെ കൃഷ്ണമണി ചുരുങ്ങി ഒരു വര പോലെയാകുന്നതിനാൽ കണ്ണും തിരിച്ചറിയാൻ സഹായിക്കില്ല. TMchdy - 3 മേലൂരിൽ കണ്ടെത്തിയ പച്ചിലപ്പാറൻ തവള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.