കാലിന്​ നീരും മുടന്തും; വിഷ്ണു ശങ്കറിനെ എഴുന്നള്ളിക്കാൻ വിലക്ക്​

കാലിന്​ നീരും മുടന്തും; വിഷ്ണു ശങ്കറിനെ എഴുന്നള്ളിക്കാൻ വിലക്ക്​ തൃശൂർ: കൊമ്പൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറിനെ പൊതുപരിപാടികളിലും ഉത്സവ എഴുന്നള്ളിപ്പുകളിലും പങ്കെടുപ്പിക്കുന്നത് വനം വകുപ്പ് വിലക്കി. ശാരീരിക അവശതകളോടെ ആനയെ ഉത്സവങ്ങളിൽ എഴുന്നള്ളിച്ചുവെന്ന പരാതിയെ തുടർന്ന്​ ആനയെ തളച്ചിരുന്ന ചാവക്കാട് ഏത്തായിയിൽ എത്തിയാണ് പരിശോധിച്ചത്. ഇടത് കാലിന് നീരും നടക്കുമ്പോൾ മുടന്തും അനുഭവപ്പെടുന്നതായി പരിശോധനയിൽ കണ്ടെത്തി. പരാതി ശരിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് എഴുന്നള്ളിപ്പിന്​ വിലക്ക്. കഴിഞ്ഞ ദിവസം നടന്ന ഉത്സവ എഴുന്നള്ളിപ്പിനെത്തിച്ച ആന നടക്കാനാവാതെ വിഷമിക്കുമ്പോഴും നിർബന്ധിച്ച് ആരവങ്ങളുണ്ടാക്കി നടത്തുന്നതും ആരാധകർക്കായി കാഴ്ചയൊരുക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ പരിശോധന. ആനക്ക് സ്ഥിരമായ കെട്ടുതറിയിൽ നിറുത്തി മതിയായ വെള്ളം, ഭക്ഷണം, വിശ്രമം, വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാക്കണമെന്നും വനംവകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു. ആനയുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വെറ്ററിനറി ഡോക്ടർമാരുടെ വിദഗ്​ധ സംഘം പരിശോധിച്ച് വിലയിരുത്തുന്നത് വരെ ആനയെ യാതൊരു പൊതു പരിപാടികളിലും എഴുന്നള്ളിപ്പുകൾക്കു പങ്കെടുപ്പിക്കരുതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഉടമക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ആനക്ക് മതിയായ പരിചരണം നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ നിയമനടപടിയെടുക്കാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.