വിജിലൻസ് അന്വേഷണം: വനം വകുപ്പിൽ ആശങ്ക

*സൗരോർജ വേലി, ഫയർ ബ്രേക്കർ നിർമാണത്തിൽ ഒഴുകുന്നത് കോടികൾ തൃശൂർ: സൗരോർജ വേലി നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ വനംവകുപ്പിൽ ആശങ്ക. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതി നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചാലക്കുടി പരിയാരം റേഞ്ചിൽ മാത്രമാണ് നിലവിലെ ഹരജിയനുസരിച്ച് അന്വേഷണമുള്ളൂവെങ്കിലും അന്വേഷണം വിപുലമാക്കാൻ ഇത് മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. പരിയാരം സൗരോർജ വേലി നിർമാണത്തിന്‍റെ മറവിൽ നടന്നത് വൻ തട്ടിപ്പാണ്. നിലവിൽ സൗരോർജ വേലിയുണ്ടായിരുന്നത് പരിപാലിക്കാതെ, മറ്റൊരു പദ്ധതി തയാറാക്കി അനുമതി നേടിയെടുക്കുകയായിരുന്നു. 17 ലക്ഷത്തിലധികം രൂപയാണ്​ ഇതിന്‍റെ മറവിൽ വ്യാജ ബില്ലുകളുണ്ടാക്കി തട്ടിയെടുത്തത്. ക്രമക്കേടിൽ മേലുദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുണ്ട്. ഫോറസ്റ്റ് കൺസർവേറ്റർ ടി.സി. ത്യാഗരാജ്, ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സംബുധ് മജുംദാർ, പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. മാത്യു, കരാറുകരൻ ബിനു ജോർജ് എന്നിവർക്കെതിരെയാണ് തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. സമാന തട്ടിപ്പാണ് കാട്ടുതീ പടരാതിരിക്കാനുള്ള ഫയർ ബ്രേക്കറുകൾ ഒരുക്കുന്നതുമായി ബന്ധ​പ്പെട്ടുള്ളത്​. ചപ്പുചവറുകൾ മാറ്റി പ്രഹസന പ്രവൃത്തിയെടുത്ത് ഇതിന്‍റെ മറവിലും ലക്ഷങ്ങളാണ്​ തട്ടിയെടുത്തത്​. തീപിടിത്തത്തിന് ഇപ്പോഴും കുറവില്ല. വനംവകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഇടനിലക്കാരും ബിനാമികളുമായി പ്രവർത്തിക്കുന്നവരുണ്ട്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വൈശ്ശേരി-മോതിരക്കണ്ണി-കുട്ടിപ്പൊക്കം ഭാഗങ്ങളിൽ 10. കിലോമീറ്റർ നീളത്തിൽ അഞ്ച് വരി സൗരോർജ വേലി സ്ഥാപിക്കുന്നതിന് കരാർ നൽകിയത് ഇവിടുത്തെ തന്നെ റേഞ്ച് ഓഫിസറുടെ ബന്ധുവും ബിനാമിയുമായിട്ടുള്ള ആൾക്കാണെന്ന്​ വിജിലൻസ് കോടതിയിൽ നൽകിയ രേഖകളിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT