'മംഗളോദയ'ത്തിന്​ പുനരുജ്ജീവനം; ഉദ്​ഘാടനം ഏഴിന്​

തൃശൂർ: കേരളത്തിന്‍റെ സാംസ്കാരിക, സാമൂഹിക പരിഷ്കരണ രംഗത്ത്​ നിസ്തുല സംഭാവനകൾ നൽകിയ 'മംഗളോദയം' പുനരുജ്ജീവിപ്പിക്കുന്നു. എ.കെ.ടി.കെ.എം. വാസുദേവൻ നമ്പൂതിരിപ്പാടും ചങ്ങമ്പുഴയും ഇ.എം.എസും മുണ്ടശ്ശേരിയും വി.ടി. ഭട്ടതിരിപ്പാടുമടക്കം നിരവധി പ്രതിഭകളുടെ താവളമായിരുന്ന തൃശൂരിലെ മംഗളോദയം പ്രസിദ്ധീകരണശാലയും ​പ്രസും കാലത്തിന്‍റെ മാറ്റം ഉൾക്കൊണ്ടാണ്​​ പുതുമയിലേക്ക്​ ചുവടുവെക്കുന്നത്​​. പടിഞ്ഞാറെകോട്ട അടിയാട്ട്​ ലെയ്​നിൽ പുതിയ കെട്ടിടത്തിൽ മംഗളോദയത്തിന്‍റെ ഉദ്​ഘാടനം ശനിയാഴ്ച നടക്കും. 1970 മുതൽ വ്യവസായ വകുപ്പിന്​ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘമാണ്​ മംഗളോദയം. 'മംഗളോദയം സദസ്സ്​​', ആശുപത്രി എന്നിവയടക്കം വലിയ വിലാസമുണ്ടായിരുന്ന സ്ഥാപനം മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ ഒരു ഘട്ടത്തിൽ പ്രവർത്തനം നിലച്ചു. പുനരുജ്ജീവിപ്പിക്കാനുള്ള സമീപകാല ശ്രമത്തിന്​ കോവിഡ്​ വ്യാപനവും അടച്ചുപൂട്ടലും വീണ്ടും തടസ്സമായി. അതും മറികടന്നാണ്​ പുതിയ തലത്തിലേക്ക്​ ചുവടുവെക്കുന്നത്​. ഓഫ്​സെറ്റ്​ പ്രസും ​പുസ്തക പ്രസാധനവുമടക്കം പഴയ പ്രഭാവം വീണ്ടെടുക്കുകയാണ്​ ലക്ഷ്യമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന്​ മന്ത്രി ആർ. ബിന്ദുവിന്‍റെ അധ്യക്ഷതയിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുതിയ ആസ്ഥാന മന്ദിരം ഉദ്​ഘാടനം ചെയ്യും. വി.ടി, ചങ്ങമ്പുഴ, ഇ.എം.എസ്​, പ്രേംജി എന്നിവരുടെ ഛായാചിത്രങ്ങൾ മേയർ എം.​കെ. വർഗീസ്​ അനാച്ഛാദനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്​, കേരള ബാങ്ക്​ വൈസ്​ പ്രസിഡന്‍റ്​ എം.കെ. കണ്ണൻ തുടങ്ങിയവർ പ​ങ്കെടുക്കുമെന്ന്​ പ്രസിഡന്‍റ്​ കെ. വേണുഗോപാലും സെക്രട്ടറി പി.ആർ. രമ്യയും അറിയിച്ചു. ബോർഡ്​ അംഗങ്ങളായ എ.എസ്​. കുട്ടി, കെ.ആർ. ഗോപിനാഥ്​, എം.ആർ. രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.