അതിരപ്പിള്ളി: ഷോളയാറിൽ ആനമല റോഡിൽ വീണ്ടും വാഹനങ്ങൾ തടഞ്ഞ് കബാലിയുടെ വിളയാട്ടം. കഴിഞ്ഞ ദിവസം വൈകീട്ട് കബാലി എന്ന് വിളിക്കുന്ന കാട്ടാന തടഞ്ഞിട്ടത് രണ്ട് വാഹനങ്ങളാണ്. യാത്രക്കാരെ മുൾമുനയിലാക്കി മലക്കപ്പാറ കെ.എസ്.ആർ.ടി.സി ബസും ആംബുലൻസുമാണ് തടഞ്ഞത്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് യാത്രക്കാരുമായി പോയ ബസ് പത്തടിപ്പാലത്തിന് സമീപം തടഞ്ഞത്. ബസ് കണ്ടിട്ടും ആന വഴിയിൽനിന്ന് മാറാതെ നിൽക്കുകയായിരുന്നു. അര മണിക്കൂറോളം വാഹനം മുന്നോട്ടെടുക്കാനായില്ല.
കഴിഞ്ഞ ദിവസംതന്നെ രാത്രി 10ഓടെയാണ് നെല്ലിക്കുന്ന് വളവിൽ ആംബുലൻസ് തടഞ്ഞത്. ചാലക്കുടിയിൽനിന്ന് അടിച്ചിൽതൊട്ടിയിലേക്ക് പോവുകയായിരുന്നു പട്ടികജാതി വകുപ്പിന്റെ ആംബുലൻസ്. അന്നേ ദിവസം പകൽ അടിച്ചിൽതൊട്ടി ഊരിൽ ആന നിൽക്കുന്നത് കണ്ട് പേടിച്ചോടിയ ആദിവാസി യുവാവിന് കിടങ്ങിൽ വീണ് കാലിന് പരിക്കേറ്റിരുന്നു. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽനിന്ന് കാലിൽ പ്ലാസ്റ്ററിട്ട് കൊണ്ടുവരുകയായിരുന്നു ആംബുലൻസ്. കോവിഡ് കാലത്തിന് ശേഷമാണ് കബാലി വഴിതടഞ്ഞ് വാർത്തകളിൽ ഇടം നേടിയത്. കാര്യമായ ആക്രമണം നടത്തിയിരുന്നില്ലെങ്കിലും ആനമല റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് വനപാലകർക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്നു.
നെല്ലിക്കുന്ന് വളവിൽ വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്നത് പതിവായിരുന്നു. അതിരപ്പിള്ളി -മലക്കപ്പാറ റോഡിൽ ഒരിക്കൽ ലോറിയെയും ബസിനെയും കിലോമീറ്ററുകളോളം പിന്നോട്ടെടുപ്പിച്ചതാണ് കബാലിയുടെ ഒരു പ്രധാന കുസൃതി. ദേഷ്യം വന്ന് വനപാലകരുടെ ജീപ്പ് മറ്റൊരിക്കൽ മറിച്ചിട്ടിരുന്നു. വഴിയിൽ കബാലിയെ കണ്ട് വാഹനത്തിൽനിന്നിറങ്ങി പ്രകോപനം സൃഷ്ടിച്ചതിന്റെ പേരിൽ വിനോദസഞ്ചാരിക്കെതിരെ വനപാലകർ കേസെടുത്തിരുന്നു. കബാലിയെ മേഖലയിൽ ഓടിച്ചുവിടാൻ വനപാലകർ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല. ചെറിയ ഇടവേളക്കു ശേഷം വീണ്ടും ഷോളയാർ മേഖലയിൽ കബാലിയുടെ വിളയാട്ടം ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.