തൃശൂർ: കോർപറേഷൻ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേട് നടന്നുവെന്ന മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ തദ്ദേശ ഭരണവകുപ്പ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരത്ത് നിന്നെത്തിയ തദ്ദേശഭരണവകുപ്പ് ഉദ്യോഗസ്ഥ സംഘം കോർപറേഷനിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും ഫയലുകളിൽ പരിശോധന നടത്തുകയും ചെയ്തു.
800 എം.എം പൈപ്പ് സ്ഥാപിച്ച് പീച്ചിയിൽ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് കാട്ടി കോർപറേഷൻ സെക്രട്ടറിയായിരുന്ന ആർ. രാഹേഷ് കുമാർ ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്ത് നൽകിയത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിക്കായി ഇ-ടെണ്ടര്‍ ക്ഷണിച്ചത്. ഒരു കമ്പനിയൊഴികെ മറ്റൊന്നും യോഗ്യമല്ലെന്ന് കണ്ട് ചീഫ് എൻജിനീയർ തള്ളിയെങ്കിലും എല്ലാ കമ്പനികള്‍ക്കും യോഗ്യതയുണ്ടെന്നാണ് സൂപ്രണ്ടിങ് എൻജിനീയർ രേഖാമൂലം എഴുതിയത്. പിന്നാലെ മേയറില്‍ നിന്ന് അനുമതി തേടി ഫിനാഷ്യല്‍ ബിഡ് ഉറപ്പിച്ചതായും രാഹേഷ് കുമാർ കത്തിൽ പറഞ്ഞിരുന്നു. അനുമതി നല്കിയ കാര്യം മേയര്‍ കൗണ്‍സിലിനെ അറിയിച്ചില്ല.
ലോവസ്റ്റ് മാര്‍ക്കറ്റ് ടെണ്ടര്‍ കണക്കാക്കാത്തതില്‍ മാത്രം അഞ്ചരക്കോടിയുടെ നഷ്ടമുണ്ടായി. അംഗീകാരമില്ലാത്ത 20 കോടിയിലേറെ രൂപയുടെ ബില്ല് ഉണ്ടാക്കിയെടുത്തു. പദ്ധതിക്കായി എത്തിയെന്ന് ഫയലിൽ രേഖപ്പെടുത്തിയ പൈപ്പുകള്‍ എത്തിയിട്ടില്ല. കോർപറേഷൻ എൻജിനീയറും അമൃത് പദ്ധതി നടത്തിപ്പുകാരും തന്റെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്തെന്നും ക്രമരഹിതമായ ബില്ലുകൾ പാസാക്കാനാകില്ലെന്ന് നിലപാടെടുത്ത തന്നെ കൊല്ലുമെന്നും സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തിയതായും രാഹേഷ് കുമാർ കത്തിൽ പറഞ്ഞിരുന്നു. കത്തയക്കും മുമ്പേ രാഹേഷിനെ സ്ഥലം മാറ്റിയിരുന്നു.
സെക്രട്ടറി അറിയാതെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്നും ചെയ്ത കുറ്റം മറക്കാൻ എഴുതിയതാണ് ആരോപണങ്ങളെന്നുമായിരുന്നു മേയറുടെ വിശദീകരണം. ജല അതോറിറ്റിക്ക് ചെയ്യാനാകാത്തതിനാലാണ് കോർപറേഷൻ പദ്ധതി ഏറ്റെടുത്തത്. സെക്രട്ടറിയുടെ ആരോപണത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ തെളിവെടുപ്പുണ്ടാകുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.