തൃശൂർ: ഷെൽ ആക്രമണത്തിന്റെ ഉഗ്രശബ്ദം കേൾക്കുമ്പോഴും ആത്മധൈര്യം കൈവിടാതെ കഴിയുകയാണ് തൃശൂർ സ്വദേശിനിയായ ആഞ്ജലീന ഗ്രേയ്സ് വർഗീസും കൂട്ടുകാരും. എങ്ങനെയും നാട്ടിലെത്താൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇവർ. കാർകീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ആഞ്ജലീന.
കോളജ് കാമ്പസിലെ ഹോസ്റ്റലിൽ സുരക്ഷിതരാണെന്നാണ് പറഞ്ഞതെന്ന് ആഞ്ജലീനയുടെ മാതാപിതാക്കൾ പറയുന്നു. പുറത്തു പോകരുതെന്ന് കടുത്ത നിർദേശമുണ്ട്. വരുംദിവസങ്ങളിൽ ഇവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുമെന്ന ആശങ്കയും പ്രാർഥനയുമായി കഴിയുന്ന കുടുംബം പങ്കുവെക്കുന്നു. അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭ പാസ്റ്ററായ കണ്ണനായ്ക്കൽ കെ.ജെ. വർഗീസിന്റെ ഇളയ മകളാണ് ആഞ്ജലീന.
ഇന്ത്യക്കാരായ വിദ്യാർഥികളെ പറഞ്ഞുവിടാതെ കാമ്പസിൽതന്നെ നിർത്താനുള്ള ശ്രമവും നടക്കുന്നതായി ആശങ്കയോടെ രക്ഷിതാക്കൾ പറയുന്നു. ഒന്നാം വർഷ വിദ്യാർഥികൾ മൂന്ന് മാസം മുമ്പാണ് കോളജ് കാമ്പസിൽ എത്തിയത്. കോവിഡ് ശക്തമായ സാഹചര്യത്തിലാണ് അധ്യയനവും ഏറെ വൈകിയത്.
ചാവക്കാട്: യുക്രെയ്നിൽ കുടുങ്ങിയവരിൽ ചാവക്കാട് സ്വദേശികളായ ഇരട്ടകളും പുന്നയൂർക്കുളം സ്വദേശിനിയും. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ ചെവിടൻ കുലവൻ മണികണ്ഠന്റെ മക്കളായ അഞ്ജനയും അഞ്ജലിയും പുന്നയൂര്‍ക്കുളം സ്വദേശി അയിഷ ഫെറിയാലുമാണ് നാട്ടിലേക്ക് വരാൻ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിൽ കഴിയുന്നത്.
ഒന്നാം വർഷ വിദ്യാർഥിനികളായ അഞ്ജനയും അഞ്ജലിയും കഴിഞ്ഞ ഡിസംബർ 18നാണ് യുക്രെയ്നിലേക്ക് തിരിച്ചത്. യുദ്ധം ആരംഭിച്ചത്തോടെ വീട്ടുകാരുമായി ഇരുവരും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തങ്ങളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നു കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചതായി ഇരുവരും വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
അർമീനിയൻ അതിർത്തി വഴി പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 800ഓളം മലയാളി വിദ്യാർഥികളാണ് ഇവർ പഠിക്കുന്ന സർവകലാശാലയിലുള്ളത്.
ഖർഖീവ് സർവകലാശാലയിലെ വിദ്യാർഥിനിയാണ് പുന്നയൂർക്കുളം സ്വദേശിനി അയിഷ ഫെറിയാല്. ഇരുനൂറോളം പേരാണ് ഹോസ്റ്റലില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഭൂഗര്‍ഭ അറകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മെട്രോ സ്റ്റേഷനിലെ ബങ്കറിലാണ് കഴിയുന്നതെന്നും അയിഷ പറഞ്ഞു.
കിഴക്കേ ചെറായി പുതിയ വീട്ടില്‍ കുഞ്ഞുമോന് ഫിര്‍ദൗസ്- ബിന്ധ്യ ദമ്പതികളുടെ മകളായ അയിഷ ഒരു ആഴ്ച മുമ്പാണ് എം.ബി.ബി.എസ് പഠനത്തിന് യുക്രെയ്നിൽ എത്തിയത്. താമസസ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വരെ സ്ഫോടനം നടന്നു. ഒരു ദിവസത്തേക്കുകൂടിയുള്ള ഭക്ഷണവും കുടിവെള്ളവുമുണ്ട്. ഭക്ഷണം കിട്ടാനുള്ള സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്. ഇനി എന്ത് എന്നറിയില്ലെന്നും ആയിഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.