അതിരപ്പിള്ളി: വിനോദ സഞ്ചാരികൾക്ക് ഭീഷണിയായി വെറ്റിലപ്പാറ പാലത്തിനടിയിലെ വലിയ തേനീച്ചക്കൂടുകൾ. എറണാകുളം ജില്ലയിൽനിന്ന് അതിരപ്പിള്ളിയിലേക്ക് എത്താൻ എളുപ്പമായതിനാൽ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന പാലമാണിത്.
പ്രകൃതിരമണീയമായ പുഴയുടെ കാഴ്ച ആസ്വദിക്കാനായി വാഹനം പാലത്തിൽ പാർക്ക് ചെയ്യുന്ന ധാരാളം പേരുണ്ട്. ചാലക്കുടി റോഡിലൂടെ വരുന്നവരുടെയും ഇഷ്ട കേന്ദ്രമാണ് വെറ്റിലപ്പാറ പാലം. അതുകൊണ്ട് തന്നെ തേനീച്ചക്കൂടിളകിയാൽ സഞ്ചാരികൾക്ക് ആക്രമണമേൽക്കാൻ സാധ്യതയേറെയാണ്. വേനൽക്കാലമായതോടെ ഇവിടെയും സമീപ പ്രദേശങ്ങളിലും തേനീച്ചകളുടെ ആക്രമണം ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഒരാഴ്ച മുമ്പാണ് പണ്ടാരപറമ്പിൽ മോഹനന്റെ മകൻ ദിലീപ് (50) തേനീച്ച കുത്തേറ്റു മരിച്ചത്. പാലത്തിനു കിഴക്ക് വശത്തായി അടിഭാഗത്താണ് ഏറെ വലിപ്പമുള്ള രണ്ടു കൂടുകൾ അടുത്ത ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ടത്.
ഇരുകൂടുകളും തൊട്ടടുത്തുതന്നെ തൂങ്ങിക്കിടക്കുന്നതിനാൽ ആയിരക്കണക്കിന് തേനീച്ചകളാണ് ഇവിടെ പകൽനേരങ്ങളിലും വട്ടമിട്ടു പറക്കുന്നത്. നാട്ടുകാർ പൊലീസിനെയും വനപാലകരെയും വിവരമറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.