ചെറുതുരുത്തി: മോഹിനിയാട്ടവും തോൽപ്പാവക്കൂത്തും സംയോജിപ്പിച്ച് ബെലാറുസ് സ്വദേശിനി ഐറീന വികസിപ്പിച്ച പാവനാട്യ രൂപത്തിെൻറ അരങ്ങേറ്റം നടന്നു. ഏഴ് വർഷത്തോളമായി കലാമണ്ഡലത്തിൽ മോഹിനിയാട്ടവും ഭരതനാട്യവും പഠിക്കുന്ന ഐറീന പാലക്കാട് കൂനത്തറയിലെ തോൽപ്പാവക്കൂത്ത് ആചാര്യൻ വിശ്വനാഥ പുലവരുടെയും ഭാര്യ എം. പുഷ്പലതയുടെയും മകൻ വിപിനിെൻറയും സഹായത്തോടെയാണ് കോവിഡ്കാല വെല്ലുവിളികൾ അതിജീവിച്ച് പുതിയ നാട്യരൂപം വകസിപ്പിച്ചത്.
ഒരു വർഷമായി ഓൺലൈനായാണ് പഠിച്ചത്. അരങ്ങേറ്റവും ഓൺലൈൻ വഴി ആയിരുന്നു. ഐറീന വേദിയിൽ നൃത്തം ചെയ്യുമ്പോൾ പിന്നിലെ വലിയ സ്ക്രീനിൽ കെട്ടിയ തോൽപാവകളുടെ ചലനം കൊടുംകാട്ടിൽ എത്തിയ പ്രതീതിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഐറീനയുടെ വിശ്രമമില്ലാത്ത ശ്രമത്തിെൻറയും സമർപ്പണത്തിെൻറയും ഫലമാണ് ഈ കലാരൂപമെന്ന് വിശ്വനാഥ പുലവർ 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് വ്യാപനത്തോടെ വിദേശ വിദ്യാർഥികളെല്ലാം നാട്ടിൽ പോയപ്പോഴും ഐറീന ഇവിടെ തുടരുകയായിരുന്നു. കലാമണ്ഡലം ശാലിനിയുടെ ശിക്ഷണത്തിലാണ് നൃത്തം പഠിക്കുന്നത്. പുതിയ ചില നൃത്തരൂപങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് ഐറീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.