ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ശമ്പളവും പെൻഷനും മറ്റുചിലവുകളും സർക്കാറിന്റെ ബാധ്യതയല്ലെന്ന ധനകാര്യ വകുപ്പിന്റെ നിലപാടിൽ ആശങ്കയിൽ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയവും. കലാനിലയം ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന 200 ഓളം സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്.
ചിലവുകൾ സ്വന്തം വരുമാനത്തിൽനിന്ന് കണ്ടെത്തണമെന്ന നിലപാട് സാസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാനിലയത്തിന് വെല്ലുവിളിയാകും. സർക്കാരിൽനിന്ന് ഗ്രാന്റായി ഓരോ വർഷവും അനുവദിക്കുന്ന അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥിരം ജീവനക്കാർ അടക്കം 16 പേർക്കുള്ള ശമ്പളവും വിദ്യാർഥികൾക്കുള്ള സ്റ്റൈപെൻഡും നൽകി വരുന്നത്. ഇതുതന്നെ കൃത്യസമയത്ത് കിട്ടാറില്ലെന്ന് കലാനിലയം അധികൃതർ പറയുന്നു. നിലവിൽ ഏഴ് മാസത്തെ ശമ്പളവും മറ്റും കുടിശ്ശികയാണ്.
കഥകളി ട്രൂപ്പിൽനിന്നുള്ളത് മാത്രമാണ് തനത് വരുമാനമായി കലാനിലയത്തിനുള്ളത്. 2023-24 വർഷത്തിൽ നൂറോളം അരങ്ങുകൾ കിട്ടിയെങ്കിലും എല്ലാ വർഷവും പ്രതീക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. 1965ൽ നിർമിച്ച ഹാൾ ശോച്യാവസ്ഥയിലായതോടെ വിവാഹം, യോഗങ്ങൾ, കഥകളി അവതരണങ്ങൾ എന്നിവയിൽ നിന്നുള്ള വാടകയും ഇല്ലാതായി. കഥകളി അവതരണങ്ങൾക്ക് മേഖലയിലെ കോളജുകളെയും അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണ് സംഘടനകൾ ആശ്രയിക്കുന്നത്.
സർക്കാറിൽ നിന്നുള്ള ധനസഹായം നിലച്ചാൽ ആട്ടക്കഥ കൊണ്ട് സാഹിത്യ ചക്രവാളം പിടിച്ചടക്കിയ ഉണ്ണായി വാര്യരുടെ പേരിലുള്ള സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുമെന്ന് കലാനിലയം അധികൃതർ വ്യക്തമാക്കുന്നു. ധനകാര്യ വകുപ്പിന്റെ ഉത്തരവിലുള്ള ആശങ്കകൾ പരിഹരിക്കാൻ സാംസ്കാരിക വകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കലാനിലയം ഭരണസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.