ചെറുതുരുത്തി: ഇടവപ്പാതി കഴിഞ്ഞിട്ടും മഴയുടെ സൂചന പോലുമില്ലാതിരിക്കെ ഭാരതപ്പുഴ കടുത്ത ജലക്ഷാമത്തിൽ. ഇതോടെ കുടിവെള്ളത്തിന് ആശ്രയിക്കുന്നവരാണ് വിഷമത്തിലായത്. ഭാരതപ്പുഴ നീർച്ചാലായി മാറിയ നിലയാണ്. മുൻകാലങ്ങളിൽ തിമിർത്ത് പെയ്യുന്ന ഇടവപ്പാതിയിൽ ഭാരതപ്പുഴയുടെ അക്കരെയും ഇക്കരെയും വെള്ളം കൊണ്ട് മുട്ടും. ഇക്കുറി ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യുന്ന സൂചനയൊന്നുമില്ല. വള്ളത്തോൾ നഗർ പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലേക്കും മേച്ചേരികുന്ന് പമ്പ് ഹൗസിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്.
ഭാരതപ്പുഴയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് പുഴയിൽ കൂടി ചാലുകീറി വെള്ളമെത്തിക്കാനുള്ള പദ്ധതിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഭാരതപ്പുഴക്ക് കുറുകേയുള്ള ചെറുതുരുത്തി ഷൊർണൂർ തടയണയിൽ വേണ്ടത്ര രീതിയിൽ വെള്ളം സംരക്ഷിക്കാൻ പറ്റാത്തതാണ് കടുത്ത പ്രതിസന്ധിയായത്. ഭാരതപുഴ സംരക്ഷണത്തിന് നിരവധി പദ്ധതികളുണ്ടെങ്കിലും അതെല്ലാം കടലാസിലൊതുങ്ങുകയാണ്.
ഒരു കാലത്ത് സർവപ്രതാപിയായി ഇരുകരയും തൊട്ട് ഒഴുകിയിരുന്ന നിള ഇന്ന് കാട്ടുപൊന്തകൾ വളർന്ന് പുഴയുടെ വിസ്തൃതി തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ്. പുഴയെ ആശ്രയിച്ച് നിലകൊള്ളുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതികളും വൻ പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.