കാഞ്ഞാണി: ബസ് ജീവനക്കാരനെ പൊലീസ് ഡ്രൈവർ മർദിച്ചതിൽ ബസ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത ബസ് സമരം യാത്രക്കാരെ വലച്ചു. തൃശൂർ - കാഞ്ഞാണി റൂട്ടിലെ യാത്ര ദർശ് ബസ്സിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനാണ് മർദനമേറ്റത്. അയ്യന്തോൾ സ്റ്റേഷനിലെ ഡ്രൈവറാണത്രെ മർദിച്ചത്.
ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സർവിസിൽനിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ഞായറാഴ്ച സി.ഐ.ടി.യു, ബി.എം.എസ് യൂനിയനുകൾ സമരം നടത്തിയത്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ചയായതിനാൽ നിരവധി വിവാഹങ്ങളടക്കം ചടങ്ങുകളും പരിപാടികളും ഉള്ളതിനാൽ സമരം യാത്രക്കാരെ ഏറെ വലച്ചു. വിവാഹത്തിന് പോകേണ്ടവർ രാവിലെ ബസ് കയറാൻ വന്നപ്പോഴാണ് വിവരം തന്നെ അറിയുന്നത്. ഇവർ ശരിക്കും വലഞ്ഞു. തൃശൂർ-വാടാനപ്പള്ളി റൂട്ടിലേയും തൃശൂർ - അന്തിക്കാട്, കാഞ്ഞാണി - ഏനാമാവ് റൂട്ടിലേയും യാത്രക്കാരാണ് വലഞ്ഞത്. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസുകൾ കുറവാണ്. ഇവ കാത്ത് ബസ് സ്റ്റോപ്പിൽ യാത്രക്കാരുടെ തിരക്കായിരുന്നു.
പലരും ഓട്ടോ വിളിച്ചാണ് പോയത്. ഇതിനായി വൻ തുക ചിലവായി. മുൻകൂട്ടി അറിയിപ്പില്ലാതെ അപ്രതീക്ഷിത സമരം നടത്തി യാത്രക്കാരെ ദ്രോഹിച്ച ബസ് ജീവനക്കാർക്കെതിരെ യാത്രക്കാരും രംഗത്ത് വന്നു. ഇവർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.