തൃശൂർ: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃത്വത്തിനെതിരെ മുറുമുറുപ്പ്. ഉറച്ച സീറ്റായ തൃക്കൂർ ആലേങ്ങാട് വാർഡിലെ പരാജയമാണ് തർക്കത്തിലേക്ക് നീങ്ങുന്നത്. പുത്തൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിലെ തോൽവികൂടി ചൂണ്ടിക്കാണിച്ചാണ് ഡി.സി.സി നേതൃത്വത്തിനെതിരെ നീക്കം തുടങ്ങിയത്.
പുതിയ ഡി.സി.സി പ്രസിഡന്‍റ് വന്ന ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടതാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഏറ്റവുമൊടുവിൽ കോൺഗ്രസിന്‍റെ കോട്ടയായ തൃക്കൂർ ആലേങ്ങാട് വാർഡാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള വിലയിരുത്തൽ 200 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കുമെന്നായിരുന്നു. പാർട്ടി പ്രതിനിധി ജിയോ പനോക്കാരൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജിയോ പനോക്കാരന്‍റെ രാജി കൊണ്ട് സീറ്റിന് ഒന്നും സംഭവിക്കില്ലെന്ന അമിത ആത്മവിശ്വാസമായിരുന്നു.
പാർട്ടി ആവശ്യപ്പെട്ടതിനാലാണ് രാജി വെച്ചതെന്നാണ് ജിയോക്കൊപ്പം ഉള്ളവർ പറഞ്ഞത്. എന്നാൽ, ജിയോ വ്യക്തിപരമായ കാരണങ്ങൾകൊണ്ട് രാജിവെച്ചുവെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. ഇത് പ്രദേശത്തെ പ്രവർത്തകർക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആശയക്കുഴപ്പമുണ്ടാക്കി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും നടന്നില്ല.
നിർദിഷ്ട കെ-റെയിൽ കടന്നുപോകുന്ന ഇരിങ്ങാലക്കുട മുരിയാട് അടക്കമുണ്ടായ തോൽവിയിൽ ആത്മപരിശോധന വേണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. കോർപറേഷനിൽ ബി.ജെ.പിയെ കൂടെകൂട്ടി ഇടത് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് ശ്രമിച്ചതും കൊടുങ്ങല്ലൂരിൽ ബി.ജെ.പിയുടെ അവിശ്വാസത്തെ പിന്തുണക്കാൻ അനുമതി നൽകിയതും ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ആയുധമാക്കിയിട്ടുണ്ട്.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സീറ്റ് പിടിച്ചെടുത്തെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ചോർന്നതിൽ സി.പി.എമ്മും ആശങ്കയിലാണ്.
കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും വിജയിക്കാനായെന്ന് ആശ്വസിക്കുന്നുണ്ടെങ്കിലും ജില്ല നേതൃത്വം ഗൗരവത്തിലാണ് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. പ്രാദേശിക ഘടകങ്ങളോട് ഇക്കാര്യം പരിശോധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.