തൃശൂർ: തൃശൂര്‍ നഗരത്തെ പൈതൃകങ്ങള്‍ കാത്തുസൂക്ഷിച്ചുള്ള ഹൈടെക് സിറ്റി ആക്കാൻ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി ഒപ്പമുണ്ടാകുമെന്ന് സുരേഷ് ഗോപി എം.പി. ശക്തനിൽ ദുബൈ മോഡല്‍ ഹൈടെക് രീതിയിലുള്ള മത്സ്യ- മാംസ മാര്‍ക്കറ്റുകൾ നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചാൽ കേന്ദ്ര ഫണ്ടിൽനിന്ന് തുക ലഭിക്കാൻ സമ്മർദം ചെലുത്താമെന്നും സുരേഷ്ഗോപി മേയര്‍ എം.കെ. വർഗീസിനെ അറിയിച്ചു. ഹൈടെക് മാതൃക മത്സ്യ മാർക്കറ്റ് നിർമിക്കാൻ ഒരു കോടി രൂപ കൂടി അനുവദിക്കുമെന്നും എം.പി പറഞ്ഞു.
എം.പി ഫണ്ടില്‍ നിന്ന് നൽകുന്ന ഒരു കോടി രൂപ ഉപയോഗിച്ച് കോര്പറേഷന് നടപ്പാക്കുന്ന മാര്‍ക്കറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള സ്ഥലം വെള്ളിയാഴ്ച മേയറും എം.പിയും സന്ദര്‍ശിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി ശനിയാഴ്ച കോര്‍പറേഷനിലെത്തി മേയറുടെ ചേംബറില്‍ ചേർന്ന യോഗത്തിലും എം.പി പങ്കെടുത്തു. ശക്തന് മാര്‍ക്കറ്റിലെ കുടിവെള്ള സ്രോതസ്സ് അത്യാധുനിക രീതിയില്‍ നവീകരിക്കാനാണ് എം.പി നൽകിയ തുക വിനിയോഗിക്കുക.
മേയര്‍ എം.കെ. വർഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്, സാറാമ്മ റോബ്സണ്, ഷീബ ബാബു, കൗണ്‍സിലര്‍മാരായ പൂർണിമ സുരേഷ്, ഡോ. വി. ആതിര, രാധിക എന്‍.വി, നിജി കെ.ജി, സിന്ധു ആന്റോ ചാക്കോള, കോര്പറേഷന് സെക്രട്ടറി വിനു സി. കുഞ്ഞപ്പന്, സൂപ്രണ്ടിങ്ങ് എൻജിനീയര്‍ ഷൈബി ജോര്‍ജ് എന്നിവർ പങ്കെടുത്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാറും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.