ചാലക്കുടി: പുതുക്കാട് വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളും പൊലീസ് പിടികൂടി. വീട് വാടകക്കെടുത്ത് വ്യാജമദ്യ നിർമാണം കേന്ദ്രം നടത്തിയിരുന്ന ഗുരുവായൂർ ചൊവ്വല്ലൂർപ്പടി തൈക്കാട് സ്വദേശി അരീക്കര വീട്ടിൽ അരുണിനെ (28) ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജും സംഘവും അറസ്റ്റ് ചെയ്തു.
മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന പിക്അപ് വാനും ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപന നടത്തുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റേഞ്ച് ഡി.ഐ.ജി അജിതാബീഗത്തിന്റെ നിർദേശപ്രകാരമുള്ള റേഞ്ചുതല പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
പുതുക്കാട് രാപ്പാൾ-തൊട്ടിപ്പാൾ റൂട്ടിൽ നെടുമ്പാൾ പള്ളത്ത് റോഡിൽനിന്ന് 200 മീറ്ററോളം ഉള്ളിലേക്ക് മാറി ഒറ്റപ്പെട്ട ഒരു വാടക വീട്ടിലായിരുന്നു മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇയാൾക്ക് സ്പിരിറ്റ് എത്തിച്ചുനൽകുന്നവരെക്കുറിച്ചും വ്യാജമദ്യ വിൽപനയിടങ്ങളെക്കുറിച്ചും വിശദ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഉപയോഗശൂന്യമായ കിണറിലെ വെള്ളമാണ് ഇയാൾ സ്പിരിറ്റിൽ ചേർക്കുന്നത്.
കിണറിലെ വെള്ളം കുടിച്ചാൽ ഉദരരോഗമുണ്ടാകുമെന്നും അതിനാൽ മിനറൽ വാട്ടറാണ് താൻ കുടിക്കാൻ ഉപയോഗിക്കുന്നതെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അറസ്റ്റിലായ അരുൺ 2016ൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ ഗുരുവായൂർ സ്വദേശിയായ യുവാവിനെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസിൽ ഒളിവിലിൽ പോയ ഇയാളെയും സംഘത്തേയും ബംഗളൂരുവിൽനിന്നാണ് അന്ന് പിടികൂടിയത്.
ഓണക്കാലത്ത് വ്യാജമദ്യ നിർമാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വനമേഖലകൾ കേന്ദ്രീകരിച്ചും പുഴയോരങ്ങൾക്കരികിലും വ്യാജവാറ്റ് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരുകയാണ്.
പുതുക്കാട് സി.ഐ യു.എച്ച്. സുനിൽദാസ്, സബ് ഇൻസ്പെക്ടർ കെ.എസ്. സൂരജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, പുതുക്കാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി.എ. ഡെന്നീസ്, വിശ്വനാഥൻ, സി.പി.ഒ വി.ജെ. പ്രമോദ്, പി.സി. ജിലേഷ്, എൻ.വി. ശ്രീജിത്ത്, എം. മിഥുൻ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.