ചാലക്കുടി: തലമുറകളുടെ വായനാശീലത്തിന് ഊർജം പകർന്ന അന്നനാട് ഗ്രാമീണ വായനശാലയ്ക്ക് 85 വയസ്സ്. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ജനകീയ ഉത്സവത്തിന് തിങ്കളാഴ്ച വായനാദിനത്തിൽ പതാക ഉയരും. ഗ്രാമീണ നാട്ടുത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
1937 ൽ സ്ഥാപിച്ച ഗ്രാമീണ വായനശാല ജില്ലയിലെ മികച്ച വായനശാലകളിലൊന്നാണിപ്പോൾ. 2019 ൽ ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. വായനശാലയുടെ പ്രവർത്തനങ്ങൾ പരിഗണിച്ച് 2020 ൽ ചാലക്കുടി താലൂക്ക് റഫറൻസ് ലൈബ്രറിയായി ഉയർത്തപ്പെടുകയും 2022ൽ കേരള ഫോക് ലോർ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും അംഗീകാരം ലഭിക്കുകയും ചെയ്തു.
ബാലവേദി, യുവ ക്ലബ് അന്നനാട്, വനിത വേദി, വയോജന വേദി, ഗ്രാമീണ സ്കൂൾ ഓഫ് ആർട്ട്സ്, അശാന്തൻ സ്മാരക ഗ്രാമീണ ആർട്ട് ഗാലറി, അവളിടം യുവതി ക്ലബ്, കതിർ കാർഷിക ക്ലബ്, ഫ്രെയിംസ് ഫിലിം സൊസൈറ്റി, അക്ഷര സേന, വിമുക്തി ക്ലബ് എന്നിങ്ങനെ വിവിധതല സമിതികളും വായനശാല കേന്ദ്രീകരിച്ച് സജീവമാണ്. 2022 ൽ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം യുവ ക്ലബിന് ലഭിച്ചിട്ടുണ്ട്.
നാട്ടുകാരിൽ നിന്ന് പണം സമാഹരിച്ച് വാങ്ങിയ 10 സെന്റ് സ്ഥലത്തുള്ള 3000 ചതുരശ്ര അടി ഇരുനില കെട്ടിടത്തിലാണ് വായനശാല പ്രവർത്തിക്കുന്നത്. മിനി തിയറ്റർ സജ്ജമാകുന്നുണ്ട്. നവീകരിച്ച പുസ്തക സ്റ്റോക്ക് റൂം ഉദ്ഘാടനം 25ന് വൈകീട്ട് 4.30 ന് വായനശാല അങ്കണത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.