ചാലക്കുടി: മേലൂരിൽ മര ഉരുപ്പടി നിർമാണശാലക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. നടുത്തുരുത്ത് റോഡിനടുത്ത ‘നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ്’ എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയാണ് തീ പിടിച്ചത്. അഗ്നിരക്ഷാസേന രണ്ട് മണിക്കൂറെടുത്താണ് തീ കെടുത്തിയത്. സ്ഥാപനത്തിന്റെ രണ്ട് മുറികളിൽ ഉണ്ടായിരുന്ന മരസാമഗ്രികളും നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും കത്തിനശിച്ചു.
നെല്ലിക്കുളം ഡെൻസി തോമാസിന്റെ ഉടമസ്ഥതയിൽ 19 വർഷത്തോളമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ആറ് ജീവനക്കാരുണ്ട്. ഫർണിച്ചറും കട്ടില, ജനൽ തുടങ്ങിയ വീട് നിർമാണ സാമഗ്രികളുമാണ് നിർമിക്കുന്നത്. തേക്ക് തുടങ്ങിയ വിലകൂടിയ മരങ്ങൾ ശേഖരിച്ച് വെച്ചിരുന്നു. ഞായറാഴ്ച അവധിയാണെങ്കിലും പകൽ സ്ഥാപനം വൃത്തിയാക്കാൻ ഉടമ സ്ഥലത്തെത്തിയിരുന്നു. വൈകീട്ട് അഞ്ചോടെയാണ് തിരിച്ചുപോയത്. തിങ്കളാഴ്ച പുലർച്ചെ സമീപത്തെ വീട്ടുകാരാണ് ഡെൻസി തോമസിനെ തീപടരുന്നതായി അറിയിച്ചത്. രണ്ട് മുറിയിലും തീ ആളിപ്പിടിച്ചിരുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ തീ ആളിത്തകർന്നു.
ചാലക്കുടിയിൽനിന്നും അങ്കമാലിയിൽനിന്നുമായി മൂന്ന് അഗ്നിരക്ഷ യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. 5.30ഓടെയാണ് തീ പൂർണമായും കെടുത്തിയത്. മര സാമഗ്രികൾ സൂക്ഷിച്ച മറ്റ് രണ്ട് മുറികളിലേക്കും ഭാഗികമായി തീ എത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥാപനം പൂട്ടിപ്പോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കിയിരുന്നതിനാൽ ഷോർട്ട് സർക്യൂട്ടല്ല കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.