ചാലക്കുടി: നിരവധി വിനോദസഞ്ചാരികൾ വന്നു പോകുന്ന മലക്കപ്പാറ റോഡിൽ പാലങ്ങളും കലുങ്കുകളും അപകട ഭീഷണിയിൽ. കാലപ്പഴക്കം മൂലം പലതും ഏത് നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. ഷോളയാർ മേഖലയിലാണ് പലതും ജീർണാവസ്ഥയിലുള്ളത്.
ഇവ നവീകരിക്കാൻ അധികാരികൾ അനാസ്ഥ തുടരുകയാണ്. വൻലോഡുള്ള വാഹനങ്ങളാണ് ഈ റൂട്ടിലേറെയും. തമിഴ്നാട്ടിൽനിന്ന് അതിരപ്പിള്ളിയിലേക്കും അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ പ്രദേശങ്ങളിലേക്ക് തിരിച്ചും നിരവധി ടൂറിസ്റ്റ് ബസുകളും യാത്രാ വാഹനങ്ങളും ഇതുവഴി പ്രതിദിനം കടന്നു പോവുന്നു.
അതുപോലെ തേയില ലോഡ് കയറ്റിയ ലോറികളും സ്ഥിരമായി ഈ റൂട്ടിലൂടെ പോകുന്നുണ്ട്. ദുർബലമായ റോഡും പാലങ്ങളും ഈ അന്തർ സംസ്ഥാന പാതയിലെ സുരക്ഷിത യാത്രക്ക് ഭീഷണിയാണ്. കഴിഞ്ഞ ദിവസം ഏതോ അജ്ഞാത വാഹനമിടിച്ച് ആനക്കയം പാലത്തിന്റെ ഒരു വശത്തെ കൈവരി തകർന്നു.
ഏത് നിമിഷവും പുഴയിലേക്ക് വീഴാവുന്ന നിലയിലാണ് ഇത് നിൽക്കുന്നത്. പാലത്തിന് അധികം വീതിയില്ലാത്തതിനാൽ വാഹനങ്ങൾ ഒന്നു തെറ്റിയാൽ താഴെ വീഴും. അപകടങ്ങൾ ഉണ്ടാകും മുമ്പ് ഇത് പുനർനിർമിക്കണമെന്നത് പ്രധാനമാണ്. അതുപോലെ ഷോളയാർ വാൽവ് ഹൗസിന് സമീപത്തെ ചെറിയ പാലം ദുർബലാവസ്ഥയിലാണ്.
അടിവശത്തെ കരിങ്കല്ലുകൾ ഇളകി മാറിയ നിലയിലാണ്. ഏതു നിമിഷവും തകർന്നു വീഴാം. ആനമല പാതയിൽ വേറെയും പാലങ്ങളും അപകടാവസ്ഥയിൽ തുടരുന്നുണ്ട്. അമ്പലപ്പാറക്കടുത്ത് നേരത്തെ ഒരു പാലം തകർന്നതിനാൽ ഗതാഗതം മുടങ്ങിയിരുന്നു. താൽക്കാലികമായ പരിഹാര മാർഗമാണ് അവിടെ ഇപ്പോഴും ഉള്ളത്.
മുകളിൽനിന്ന് ഒഴുകി വരുന്ന കൈത്തോടുകൾക്ക് മുകളിൽ ആനമല റോഡിൽ പലയിടത്തും കലുങ്കുകളും പാലങ്ങളും ഉണ്ടാക്കിയിട്ടുള്ളത് വർഷങ്ങൾക്ക് മുമ്പാണ്. മഴക്കാലമാകുമ്പോൾ വെള്ളം അനിയന്ത്രിതമായി ഒഴുകി ഇത് ദുർബലമാകും.
എന്നാൽ ഇവയുടെ ഉറപ്പ് പരിശോധിക്കാനോ പുതുക്കി പണിയാനോ അധികൃതർ തയാറാകുന്നില്ല. അതുപോലെ റോഡുകൾ പലയിടത്തും ടാറിങ് അടർന്ന് ദുരിതമയമായിട്ടുണ്ട്. റോഡുകളുടെ വശങ്ങൾ ഇടിഞ്ഞ് കൂടുതൽ അപകടാവസ്ഥയിലും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.