ചാലക്കുടി: ദുബൈയിലെ തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ചാലക്കുടിയിൽ കരിവീരന്മാർ റെഡി. ചെവിയും തുമ്പിയും ആട്ടി തലയെടുപ്പോടെയുള്ള കരിവീരന്മാർ കപ്പലേറി ദുബൈയിലെത്തും. അസ്സൽ ആനകളാണെന്ന് കരുതിയോ? തെറ്റി. 'ഇമ്മടെ തൃശൂർ' എന്ന സംഘടന ദുബൈയിൽ ഡിസംബറിൽ നടത്തുന്ന പരിപാടിക്കാണ് ചാലക്കുടിയിലെ നാല് കലാകാരന്മാർ ചേർന്ന് കൊമ്പൻമാരെ നിർമിച്ചത്.
തല കുലുക്കുകയും ചെവിയാട്ടുകയും തുമ്പിെക്കെ ചലിപ്പിക്കുകയും വെള്ളം ചീറ്റുകയും വാലാട്ടുകയും ചെയ്യുന്ന ഇവ ശിൽപങ്ങളാണെന്ന് ആരും പറയില്ല. അത്ര പൂർണതയോടെയാണ് നിർമാണം. ആന പ്രേമികളുടെ ആരാധനാപാത്രങ്ങളായ ലക്ഷണമൊത്ത പാമ്പാടി രാജനും തെച്ചിക്കാട്ടുകാവ് രാമചന്ദ്രനുമൊക്കെയാണ് ഇവയെന്ന് ഒറ്റനോട്ടത്തിൽ ഭ്രമിച്ചു പോകാം.
പോട്ടയിലെ പുതുവേലി പ്രശാന്ത്, എം.ആർ. റോബിൻ പരിയാരം, സാൻഡോ ജോസ് പൊട്ടത്തുപറമ്പിൽ, കെ.എം. ദിനേഷ് എന്നിവരാണ് ആനകളെ നിർമിച്ചത്. നേരത്തെ ഇവർ നിർമിച്ച ഒരു ചെറിയ ആനയുടെ വിഡിയോ കണ്ടാണ് ദുബൈയിൽനിന്ന് ഓർഡർ ലഭിച്ചത്. അഞ്ചു ലക്ഷം രൂപയാണ് ആനയുടെ വില. അതിനുള്ള ഉപകരണങ്ങളും നാല് പേരുടെ നാല് മാസത്തെ അധ്വാനവുമാണ് ഈ 'ആനകൾ'. ഈ ആനകൾക്ക് ചമയങ്ങൾ ചാർത്താം. കോലവും വെഞ്ചാമരവും ആലവട്ടവും കുടയുമൊക്കെ ഇതിന് മുകളിലിരുന്ന് പിടിക്കാൻ കഴിയുന്ന വിധത്തിൽ മൂന്ന് പേർക്ക് കയറിയിരിക്കാൻ പറ്റുന്ന ഉറപ്പിലാണ് നിർമാണം. ഇതിനായി നാലുകാലിൽ ജി.ഐ പൈപ്പുകൾ കൊടുത്തിട്ടുണ്ട്. ആനയുടെ ആന്തരിക ഭാഗം കമ്പി കൊണ്ടാണ് നിർമിച്ചത്. കൊമ്പുകൾ ഫൈബറിലാണ്. ശരീര ഭാഗങ്ങൾ ഭൂരിഭാഗവും ആകൃതി ലഭിക്കാൻ സ്പോഞ്ചിൽ നിർമിച്ച് ബനിയൻ തുണി കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. എല്ലാറ്റിനും മുകളിൽ റബർ കോട്ടിങ്ങും പെയിൻറിങ്ങും നടത്തിയിട്ടുണ്ട്. വെള്ളം ചീറ്റാൻ മോട്ടറും വെള്ള ടാങ്കും ആനയുടെ ഉള്ളിൽ ഘടിപ്പിച്ചു. ഇവർ ഇതുപോലെ ആനകളെ നിർമിച്ചാൽ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനുപോലും വേറെ ആന വേണ്ടിവരില്ലെന്ന് കണ്ടവർ പറയുന്നു. ആനപ്രേമികളുടെ കാലങ്ങളായുള്ള പരാതിയും ഒഴിവാക്കാം. വിവിധ ഭാഗങ്ങൾ അഴിച്ചെടുത്ത് അവിടെ ചെന്ന് ഘടിപ്പിക്കാവുന്ന വിധം പാക്കറ്റുകളിലാക്കിയാണ് ആനകളെ കപ്പലിൽ കയറ്റി വിടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.