ചാലക്കുടി: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളെ കൂടി പ്രവേശിപ്പിക്കും. ഇതുവരെ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 130 വർഷത്തിലേറെ പാരമ്പര്യമുള്ളതും ചാലക്കുടിയിലെ പ്രമുഖ വിദ്യാലയവുമായ ഇവിടെ ഈ വിഭാഗങ്ങളിൽ ആദ്യമായാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്. ഹൈസ്കൂളായിരുന്ന ഇവിടെ ഹയർ സെക്കൻഡറി അനുവദിച്ചതോടെ ആ വിഭാഗങ്ങളിൽ നേരത്തേ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് ലിംഗസമത്വം നടപ്പാക്കുന്നതിെൻറ ഭാഗമായി കൂടിയാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതെന്ന് ഉത്തരവിൽ പറയുന്നു.
2019ല്‍ സ്കൂള്‍ പി.ടി.എ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഈ തീരുമാനം ചാലക്കുടി നഗരസഭ കൗണ്‍സിലിെൻറ അംഗീകാരത്തോടെ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. അതുപ്രകാരമാണ് ഗവര്‍ണറുടെ ഉത്തരവനുസരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയന്റ് സെക്രട്ടറി ഒ.എന്‍. സക്കീര്‍ ഹുസൈന് അനുമതി നല്‍കിയത്. 2022-23 അധ്യയനവര്‍ഷം മുതല്‍ സ്കൂളിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും പ്രവേശിപ്പിക്കാനാണ് ഉത്തരവായത്.
കഴിഞ്ഞവർഷം ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്കുവേണ്ടി ഹൈടെക് കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. പ്രഫ. സി. രവീന്ദ്രനാഥിെൻറ കാലത്തുതന്നെ ഹയർ സെക്കൻഡറി വിഭാഗത്തിനും ആധുനിക കെട്ടിടം നിർമിച്ചിരുന്നു. പെൺകുട്ടികൾക്ക് പ്രവേശനം നൽകാനാവശ്യമായ സൗകര്യം ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് കണ്ടെത്തിയിരുന്നു. ചാലക്കുടി മേഖലയിൽ ആൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയമായിരുന്നു ഗവ. ഹൈസ്കൂൾ. പനമ്പിള്ളി ഗോവിന്ദമേനോൻ, ടി.കെ. ചാത്തുണ്ണി, പി.വി. രാമകൃഷ്ണൻ, വൈദ്യദൂഷണം രാഘവൻ തിരുമുൽപ്പാട്, കലാഭവൻ മണി തുടങ്ങിയവർ പഠിച്ച വിദ്യാലയമാണിത്. മഹാകവി ജി. ശങ്കരക്കുറുപ്പ് അടക്കുള്ള അധ്യാപകർ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.