ചാലക്കുടി: ചാലക്കുടി വി.എച്ച്.എസ് സ്കൂളിന് പുതിയ കെട്ടിടം ഉടൻ നിർമാണം തുടങ്ങും. പഴയ കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്താണ് 3.3 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുക. നവംബർ ആദ്യവാരത്തിൽ നിർമാണോദ്ഘാടനം നടക്കും.
125പരം വർഷം പഴക്കമുള്ള ചാലക്കുടി ഗവ. സ്കൂളിൽ നവീകരണം നടക്കുകയാണ്. മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ കാലഘട്ടത്തിലാണ് നവീകരണം ആവിഷ്കരിച്ചത്. ഘട്ടം ഘട്ടമായാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിന്റെ പ്രാരംഭമായി പുതിയ പ്ലസ് ടു കെട്ടിടം നാലുവർഷം മുമ്പ് നിർമിച്ചിരുന്നു. രണ്ടുവർഷം മുമ്പ് യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഹൈടെക് കെട്ടിടം നിർമിച്ചിരുന്നു. ഈയിടെ എൽ.പി വിഭാഗത്തിന്റെ കെട്ടിടവും പൂർത്തിയാക്കി. സ്കൂളിനോട് ചേർന്ന് കളിസ്ഥലവും പവലിയനും നിർമിക്കാൻ സൗകര്യപ്പെടുംവിധം ഒരുവശത്തേക്ക് കെട്ടിടങ്ങൾ മാറ്റി നിർമിക്കുകയായിരുന്നു.
ഇതോടൊപ്പം ചാലക്കുടി നിയോജക മണ്ഡലത്തിലെ മറ്റ് രണ്ട് സർക്കാർ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനങ്ങളും നടത്താൻ നിശ്ചയിച്ചതായി സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. മൂന്ന് വിദ്യാലയങ്ങളിലായി 6.8 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. നവംബർ ഒന്നിന് രണ്ടുകൈ ഗവ. ട്രൈബൽ സ്കൂൾ(1.5 കോടി), ആറിന് വി.ആർ. പുരം ഗവ. ഹൈസ്കൂൾ (രണ്ട് കോടി), ഏഴിന് ചാലക്കുടി വി.എച്ച്.എസ്.ഇ സ്കൂൾ (3.3 കോടി) എന്നിങ്ങനെയാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗത്തിനാണ് പ്രവൃത്തികളുടെ നിർവഹണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.