ചാലക്കുടി: കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ മഴയെത്തുടർന്ന് ചാലക്കുടിപ്പുഴ വരൾച്ചയിൽനിന്ന് കഷ്ടിച്ച് കരകയറി. ഓണത്തിനുശേഷം മഴ ആരംഭിച്ചിരുന്നെങ്കിലും ശക്തമായിരുന്നില്ല. അരമീറ്ററോളം മാത്രമേ പുഴയിൽ വെള്ളം ഉണ്ടായിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ പുഴയിലെ ജലനിരപ്പ് ഭേദപ്പെട്ടു.
ആറങ്ങാലി സ്റ്റേഷനിൽ ശനിയാഴ്ചത്തെ ജലനിരപ്പ് 1.04 മീറ്ററായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ 52.33 എം.എം, പരിയാരത്ത് 82.8, മേലൂരിൽ 54 എം.എം, കാടുകുറ്റിയിൽ 67.2 എം.എം, ചാലക്കുടി 94.1 എം.എം എന്നീ തോതിൽ മഴ പെയ്തു.
കാലവർഷം കാര്യമാകാതിരുന്നത് ചാലക്കുടിപ്പുഴയിൽ വരൾച്ചക്ക് പ്രധാന കാരണമായിരുന്നു. ഓണത്തിന് ശേഷം മഴ പെയ്യാൻ തുടങ്ങിയെങ്കിലും ശക്തമായില്ല. ചാലക്കുടിപ്പുഴയിലെ വരൾച്ച അതിരപ്പിള്ളി, വാഴച്ചാൽ തുടങ്ങി വിനോദസഞ്ചാര മേഖലയിലെ സന്ദർശകരുടെ വരവിനെയും ബാധിച്ചിരുന്നു. തമിഴ്നാട് ഷോളയാറിൽനിന്ന് അർഹമായ ജലം ലഭിക്കാതിരുന്നതും വരൾച്ചക്ക് കാരണമായി. ഇത്തവണ കേരള ഷോളയാർ സെപ്റ്റംബർ ഒന്നിന് നിറക്കണമെന്ന കരാർ തമിഴ്നാട് ലംഘിച്ചിരുന്നു.
ഇതിനെത്തുടർന്ന് കേരള ഷോളയാർ നിറക്കാൻ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മെച്ചപ്പെട്ട മഴ ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിൽനിന്ന് കരാർ പ്രകാരം വെള്ളം ലഭിച്ചില്ലെങ്കിൽ നദീതടത്തിൽ പ്രതിസന്ധിയുണ്ടാകാം. തുടർന്നുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന നേരിയ പ്രതീക്ഷയിലാണ് പുഴയോരവാസികൾ. അന്തരീക്ഷം അനുകൂലമായ ആശ്വാസത്തിൽ കർഷകർ പുതിയ കൃഷികൾക്ക് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.