ചാലക്കുടി: പുതുവർഷത്തെ വരവേൽക്കാൻ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പാപ്പാഞ്ഞിയെ 50 അടി ഉയരത്തിൽ അണിയിച്ചൊരുക്കി ജില്ലയിലെ വിപുലമായ ന്യൂ ഇയർ ആഘോഷത്തിന് ചാലക്കുടി തയാറായി. ചാലക്കുടി ജെ.സി.ഐ നഗരസഭയുമായി സഹകരിച്ചാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. ദേശീയപാതയോരത്തെ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ 31ന് വൈകീട്ട് ആറ് മുതൽ 12 വരെ ആണ് ഇതോടനുബന്ധിച്ച പരിപാടികൾ നടക്കുന്നത്.
സനീഷ് കുമാർ ജോസഫ് എം.എൽ.എ വൈകീട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. 40,000 വാട്ട്സിൽ ഒരുക്കുന്ന ഡിജെ പ്രോഗ്രാം, ഡാൻസ്, വയലിൻ ആൻഡ് കീബോർഡ് ഷോ എന്നിവയാണ് പ്രധാന പരിപാടികൾ. കുടുംബങ്ങൾക്കായി പ്രത്യേകം വി.ഐ.പി.സോൺ, ഫുഡ് സ്റ്റാളുകൾ എന്നിവയുമുണ്ടാകും. ലഹരിക്കെതിരായ ബോധവത്കരണം പരിപാടിയിൽ ഉയർത്തി കാണിക്കും.
12ന് പപ്പാഞ്ഞിക്ക് തീ കൊളുത്തുന്നതോടെ പരിപാടികൾ അവസാനിക്കും. ഗ്രൗണ്ടിലേക്കുള്ള പ്രവേശനം സൗജനമായിരിക്കുമെന്ന് വാർത്തസമ്മേളനത്തിൽ മുൻ പ്രസിഡന്റ് അഡ്വ. സുനിൽ ജോസ്, സെക്രട്ടറി വിനു പ്രദീപ്, ട്രഷറർ ഡയറ്റ്സ് ഡേവിസ്, പ്രോഗ്രാം ഡയറക്ടർ ആന്റണി പാത്താടൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.