ചാലക്കുടി: നഗരസഭയിലെ വി.ആർ പുരത്ത് പ്രവർത്തിക്കുന്ന അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്ന പദ്ധതിക്ക് പട്ടികജാതി വികസന ഓഫിസർ അനുമതി നൽകാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച് നേരിട്ട് പരിശോധിക്കുന്നതിന് കലക്ടർ അടുത്ത ദിവസം വി.ആർ പുരം കോളനി സന്ദർശിക്കും.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചത്. ബെന്നി ബെഹനാൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് കഴിഞ്ഞ വർഷം അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണമാണ് തടസ്സപ്പെട്ട് കിടക്കുന്നത്.
ഇത് സംബന്ധിച്ച് കലക്ടറേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് നഗരസഭ എസ്റ്റിമേറ്റ് തയാറാക്കി നിർമാണത്തിന് നടപടി സ്വീകരിക്കുന്നതിനിടെയാണ് പട്ടികജാതി വികസന ഓഫിസർ അംഗീകാരം നൽകാതിരുന്നത്. അതേസമയം വി.ആർ പുരം കോളനിയിൽ 200ഓളം പട്ടികജാതി കുടുംബങ്ങളും 100ഓളം ജനറൽ കുടുംബങ്ങളും താമസിക്കുന്ന പ്രദേശമാണ്.
പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമ്പോൾ പൂർണമായും പട്ടികജാതിക്കാർ മാത്രമാവണം ഗുണഭോക്താക്കൾ എന്ന നിലപാടാണ് എസ്.സി ഓഫിസറുടേത്. ആരോഗ്യ സ്ഥാപനമായതിനാൽ സമീപ പ്രദേശങ്ങളിൽനിന്നും ആളുകൾ വരാൻ സാധ്യതയുണ്ട് എന്നതിനാൽ അനുമതി നൽകാനാവില്ലെന്ന് എസ്.സി ഓഫിസർ നിലപാട് വ്യക്തമാക്കിയിരുന്നു.
വി.ആർ പുരത്തെ പുതിയ കെട്ടിടത്തിന്റെ ആദ്യ ഘട്ടം നിർമാണത്തിന് വാർഷിക പദ്ധതിയിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ എത്തിയ കലക്ടറോട് വാർഡ് കൗൺസിലർമാരായ ആലീസ് ഷിബുവും ഷിബു വാലപ്പനും ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചു.
കലക്ടർ തൊട്ടടുത്ത ദിവസം തന്നെ ജില്ല പട്ടികജാതി വികസന ഓഫിസറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ജില്ല ഓഫിസർ കെട്ടിട നിർമാണ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കലക്ടറുടെ ചേംബറിൽ കഴിഞ്ഞ ദിവസം യോഗം വിളിച്ചത്. നഗരസഭ പ്രതിനിധികളേയും ആരോഗ്യ വകുപ്പ്, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരേയും യോഗത്തിന് വിളിച്ചിരുന്നു.
നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, വാർഡ് കൗൺസിലർ ഷിബു വാലപ്പൻ, ജില്ല പട്ടികജാതി ഓഫിസർ ലിസ, ചാലക്കുടി ബ്ലോക്ക് പട്ടികജാതി ഓഫിസർ സുരജ, ഡി.എം.ഒയുടെ പ്രതിനിധി ഡോ. കാവ്യ, അർബൻ മെഡിക്കൽ ഓഫിസർ ഡോ. വിബിൻ ചുങ്കത്ത്, നഗരസഭ എൻജിനീയർ വൽസകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.