ചാലക്കുടി നഗരസഭ കൗണ്‍സില്‍: ചെയര്‍മാന്‍ യോഗം അട്ടിമറിക്കുന്നെന്ന്; പ്രതിപക്ഷം ഇറങ്ങിപ്പോയി

ചാലക്കുടി: സ്വതന്ത്ര കൗൺസിലറെ കയറൂരി വിട്ട് നഗരസഭ ചെയർമാൻ കൗൺസിൽ യോഗം അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ചൊവ്വാഴ്ചത്തെ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ വീഴ്ചകളിൽ ചെയർമാനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിപക്ഷം.

ഇതിനിടെയാണ് സ്വതന്ത്ര കൗൺസിലർ വി.ജെ. ജോജി കറുത്ത വസ്ത്രവും പ്രതീകാത്മക ചിതാഭസ്മകലശവുമായി യോഗത്തിനെത്തിയത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ ബാറുകളിൽനിന്ന് സൗജന്യമായി മദ്യപിക്കുന്നതായും ഹോട്ടലുകളിൽനിന്ന് സൗജന്യമായി ഭക്ഷണം കഴിക്കുന്നതായും ജോജി ആരോപിച്ചു.

ആരോപണം ജീവനക്കാരെ മുഴുവൻ സംശയനിഴലിലാക്കുന്നതിനാൽ ഇവരുടെ പേര് വെളിപ്പെടുത്തണമെന്ന് ചെയർമാനും പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടെങ്കിലും ജോജി തയാറായില്ല. തുടർന്ന് ചെയർമാൻ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. പിന്നാലെ പുറത്തേക്ക് പോയ ജോജി അൽപസമയം കഴിഞ്ഞ് തിരിച്ചെത്തി ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു.

സസ്പെൻഡ് ചെയ്ത അദ്ദേഹത്തെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചത് ചെയർമാനും ജോജിയും തമ്മിലെ രഹസ്യ ധാരണ മൂലമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗൗരവപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സമയം അപഹരിക്കാനാണ് സ്വതന്ത്ര കൗൺസിലറെക്കൊണ്ട് ചെയർമാൻ നാടകം കളിപ്പിച്ചതെന്ന ആരോപണവും ഉയർന്നു.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ വന്ന വീഴ്ചയും നഗരസഭ ശ്മശാനത്തിലെ ഭൗതികാവശിഷ്ടങ്ങളോട് കാണിക്കുന്ന അനാസ്ഥ മൂലവും ഉയർന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നൽകാൻ കഴിയാത്തതിനാൽ സ്വതന്ത്ര കൗണ്‍സിലറെ കൂട്ടുപിടിച്ച് ചെയർമാൻ കൗണ്‍സില്‍ അലങ്കോലപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്നതായി അറിയിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ചു. എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് നേതൃത്വം നൽകി.

മഴക്കാലം ശക്തമായിട്ടും നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പകുതിപോലും പൂര്‍ത്തിയായിട്ടില്ല. ചെറിയൊരു മഴയില്‍ പോലും ചാലക്കുടി ടൗണും പരിസരവും വെള്ളക്കെട്ടിലാകുന്ന അവസ്ഥയിലാണ്. ശ്മശാനത്തിലെ ഭൗതികാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാത്തതും അലക്ഷ്യമായി ഇടുന്നതും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആവശ്യമായ നടപടിയെടുക്കാത്തത് ചെയര്‍മാന്റെ പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അംഗങ്ങളായ ബിജി സദാനന്ദന്‍, ഷൈജ സുനില്‍, ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Chalakudy Municipal Council-Chairman sabotages the meeting-The opposition left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.