ചാലക്കുടി: ദിവസവും നൂറുകണക്കിന് സന്ദർശകരെത്തുന്ന നഗരസഭ പാർക്കിന്റെ വികസനത്തിന് വഴിയൊരുങ്ങുന്നു. പാർക്കിന്റെ സ്ഥലപരിമിതി പരിഹരിക്കാൻ പടിഞ്ഞാറ് ഭാഗത്ത് ഐ.ടി.ഐയോട് ചേർന്ന 49.5 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി പാട്ടത്തിനെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. ഭൂമി ലഭിച്ചാൽ പുതിയ റൈഡുകളും മറ്റ് സംവിധാനങ്ങളും ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
പാർക്കിനു ചുറ്റും പ്രത്യേകം നടപ്പാതയൊരുക്കിയതിനാൽ ഇപ്പോൾ രാവിലെയും വൈകീട്ടും നടക്കാനെത്തുന്നവർ നിരവധിയാണ്. ഒരു വശത്ത് കലാകാരന്മാർക്ക് പാട്ടുപുരയുമുണ്ട്. എന്നാൽ, ഇവിടെ കുട്ടികൾക്ക് റൈഡുകളും കളിയുപകരണങ്ങളും കുറവാണ്. പടിഞ്ഞാറ് വശത്തെ 49 സെന്റ് സ്ഥലം ലഭിച്ചാൽ ലൈബ്രറിയും ഇൻഡോർ ഗെയിമുകൾക്കും മെഡിറ്റേഷനുള്ള മിനി ഹാളും നിർമിക്കാനും കഴിയും.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് പാർക്ക് ആരംഭിച്ചത്. നാല് കോടിയോളം രൂപ ചെലവഴിച്ചാണ് പ്രധാന നിർമാണങ്ങൾ നടത്തിയത്. എന്നാൽ പിന്നീട് കാര്യമായ വികസന പദ്ധതികൾ പാർക്കിൽ നടന്നിട്ടില്ല. ഇപ്പോൾ ഈ സ്ഥലത്ത് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കാൻ ഉപയോഗിക്കുകയാണ്.
നേരത്തെ ഇവിടെ പാട്ടത്തിന് ഒരു ഫർണിച്ചർ സൊസൈറ്റി പ്രവർത്തിച്ചിരുന്നു. മറ്റ് അവകാശികൾ ഇല്ലെങ്കിൽ ഈ സ്ഥലം നഗരസഭക്ക് അനുവദിക്കണമെന്ന് റവന്യു വകുപ്പിനോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പതിച്ചോ പാട്ടത്തിനോ മാത്രമേ ഭൂമി നൽകാൻ കഴിയൂ എന്ന റവന്യൂ വകുപ്പ് മറുപടി നൽകിയിട്ടുണ്ട്. ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ നിയമാനുസരണം പാട്ടത്തിന് ഭൂമി അനുവദിക്കണമെന്ന് കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർനടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.