ചാലക്കുടി: നിർമാണം നടക്കുന്ന ട്രാംവെ മ്യൂസിയത്തോടൊപ്പം ചാലക്കുടിയിൽ ആർട് ഗ്യാലറിയും വേണമെന്ന ആവശ്യം ശക്തമാകുന്നു. ലളിതകലാ അക്കാദമിയുടെ ഉപകേന്ദ്രങ്ങളിലൊന്നായി ഗ്യാലറി വന്നാൽ ഏറെ പ്രയോജനകരമാവും.
കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ ഗ്യാലറി ഉണ്ടായാൽ പ്രയോജനകരമാകും. കുറഞ്ഞ വാടകയിൽ ചിത്രപ്രദർശനം നടത്താൻ കലാകാരന്മാർ തൃശൂർ, എറണാകുളം നഗരങ്ങളിലേക്കാണ് പലപ്പോഴും പോകുന്നത്. ചെറിയ സാംസ്കാരിക പരിപാടികൾ നടത്താൻ നഗരത്തിൽ സ്ഥലം കിട്ടാത്ത ബുദ്ധിമുട്ടും ഇതുവഴി പരിഹരിക്കപ്പെടും. ഇവിടെ ലളിതകലാ അക്കാദമി ഉപകേന്ദ്രമായാൽ തൃശൂരിനും എറണാകുളത്തിനുമിടയിൽ ചിത്രകലാസ്വാദകരുടെ പ്രധാന കേന്ദ്രമായി വളരുകയും ചെയ്യും.
റെയിൽവേ സ്റ്റേഷൻ റോഡിൽ ചാലക്കുടി ഐ.ടി.ഐക്ക് സമീപത്തെ പി.ഡബ്ല്യു.ഡി മെക്കാനിക്കൽ എൻജിനീയറിങ് വർക്ക് ഷോപ്പിലാണ് ട്രാംവെ ചരിത്ര മ്യൂസിയത്തിന്റെ നിർമാണം നടക്കുന്നത്. 50 സെന്റ് സ്ഥലമാണ് മ്യൂസിയം നിർമാണത്തിന് സർക്കാർ അനുവദിച്ചത്. 2021ൽ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ മ്യൂസിയം നിർമാണോദ്ഘാടനം നടത്തിയിരുന്നു. മ്യൂസിയം ഒരുക്കുന്ന നടപടികൾ വേഗത്തിലായിട്ടുണ്ട്. ട്രാംവെയുടെ ഭാഗമായ മൂന്ന് കെട്ടിടങ്ങൾ നവീകരിക്കുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു കെട്ടിടം വിട്ടുകൊടുത്താൽ ആർട് ഗ്യാലറി ഒരുക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.