ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ നടപ്പാലം തുറന്ന് കൊടുക്കുന്നത് വൈകുന്നതിനാൽ പ്രദേശവാസികളുടെ ദുരിതം തുടരുന്നു. അറ്റകുറ്റപ്പണികളുടെ പേരിൽ റെയിൽവേ അധികൃതർ ഇത് അടച്ചുപൂട്ടിയിട്ട് ആറു മാസത്തോളമായി. ഇതുവരെ ഒരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. പ്രവൃത്തികൾ എപ്പോഴാണ് ആരംഭിക്കുകയെന്നതിന് യാതൊരു വ്യക്തതയും അധികാരികളിൽ നിന്ന് ലഭിക്കുന്നുമില്ല. ഈ പാലം ഉപയോഗിച്ചിരുന്ന, റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തെ വാർഡുകളിലെ ജനങ്ങൾ മറുഭാഗത്തേക്ക് പോകാനാവാതെ ബുദ്ധിമുട്ടുകയാണ്. മഴക്കാലത്ത് റെയിൽപ്പാളം മുറിച്ചു കടക്കുന്നത് ഏറെ ശ്രമകരവും അപകടസാധ്യതയേറിയതുമാണ്.
ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപത്തെ 24, 25 വാർഡുകളിലെ ജനങ്ങളാണ് വീടുകളിലേക്കുള്ള വഴിയടഞ്ഞതിനാൽ ദുരിതത്തിലായത്.
എൽ.പി സ്കൂൾ, എഫ്.സി.ഐ ഗോഡൗൺ, പിഷാരിക്കൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും വിഷമത്തിലാണ്. യാത്രാ ട്രെയിനുകൾ ഇല്ലാത്ത സമയത്തും എഫ്.സി.ഐ ഗോഡൗണിലേക്ക് ലോഡിറക്കാൻ വരുന്ന നീണ്ട ചരക്ക് വണ്ടികൾ ദിവസങ്ങളോളം നിർത്തിയിടുന്ന അവസ്ഥയുണ്ട്. സ്ത്രീകളും വിദ്യാർഥികളും വയോധികരുമടക്കം നിർത്തിയിട്ട ട്രെയിനുകളുടെ ഇടയിലൂടെ പോകണം.
പണ്ട് പ്രദേശവാസികൾക്ക് ഇതുവഴി നടന്നു പോകാൻ വഴിയുണ്ടായിരുന്നു. ചാലക്കുടി റെയിൽവേ സ്റ്റേഷന്റെ ഫ്ലാറ്റ്ഫോം വികസിപ്പിച്ചപ്പോഴാണ് വഴി നഷ്ടപ്പെട്ടത്. അതിന് പകരമായി ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിച്ചു നൽകുകയായിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിയും മറ്റും നഗരസഭയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിനായി നഗരസഭ ഒരു നിശ്ചിത സംഖ്യ നൽകുകയും വേണം.
മുന്നറിയിപ്പില്ലാതെയാണ് റെയിൽവേ അധികൃതർ നടപ്പാലം അടച്ചു പൂട്ടിയത്. പണികൾ ഉടൻ പൂർത്തിയാക്കി ഇത് തുറന്നുകൊടുക്കുമെന്നാണ് ജനങ്ങൾ കരുതിയിരുന്നത്. പക്ഷേ പിന്നീട് ഒരു നടപടിയുമില്ലാതായതോടെ ജനങ്ങൾ നിസ്സഹായതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.