ചാലക്കുടി: ദീർഘകാലമായി യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ദേശീയപാത ചാലക്കുടി അടിപ്പാത നിർമാണം വേഗം പൂർത്തീകരിക്കണം, എന്നാൽ, അതിനാവശ്യമായ മണ്ണ് കോട്ടമലയിൽ നിന്നെടുക്കുന്നതിൽ ആശങ്കയുമുണ്ട്. കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധം അടിപ്പാത നിർമാണത്തെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്. നിർമാണം മുടങ്ങിക്കിടന്ന അടിപ്പാതയുടെ ജോലി പുതിയ കരാറുകാരൻ ഏറ്റെടുത്തതോടെ വേഗത കൈവരിച്ചിരുന്നു.
അടിപ്പാതയുടെ പ്രധാന കോൺക്രീറ്റിങ് പെട്ടെന്ന് പൂർത്തിയായത് പ്രതീക്ഷ നൽകിയിരുന്നു. ഫെബ്രുവരിയോടെ പണികൾ തീരാനുള്ള സാധ്യതയാണ് ഉണ്ടായിരുന്നത്. തുടർന്ന് ഇരുവശവും മണ്ണിട്ട് ഉയർത്തിക്കൊണ്ട് വരുന്ന പ്രവൃത്തിയാണ് അവശേഷിച്ചിരുന്നത്. ഏകദേശം 5000 ലോറി മണ്ണാണ് ഇതിന് ആവശ്യം വരുന്നത്.
ഇത് മുഴുവനും കോട്ടാമലയിടിച്ച് കൊണ്ടുവരാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത് പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണി പ്രദേശത്ത് പ്രതിഷേധം ഉയർത്തി. പ്രതിഷേധത്തെ തുടർന്ന് പണി തടസ്സപ്പെടാൻ സാധ്യതയേറെയാണ്. അടിപ്പാതക്ക് ആവശ്യമായ മണ്ണ് മറ്റെവിടെയെങ്കിലുംനിന്ന് കണ്ടെത്തുംവരെ പണികൾക്ക് പ്രതിസന്ധിയുണ്ടാകാം.
കോട്ടമലയിൽ നിന്ന് മണ്ണെടുക്കുന്നതിനെതിരെ പ്രകടമായ പ്രതിഷേധവുമായി രംഗത്തുള്ളത് എൽ.ജെ.ഡി മാത്രമാണ്. ഇതോടെ സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി എന്നീ പാർട്ടികൾക്കും ഈ വിഷയത്തിൽ നയം വ്യക്തമാക്കേണ്ടി വരും. മണ്ണെടുപ്പിന് തടസ്സം നേരിട്ടാൽ കരാറുകാരന് ബദൽ മാർഗങ്ങൾ തേടേണ്ടി വരും.
ചാലക്കുടി: കോട്ടാമലയിലെ മണ്ണെടുപ്പ് ജിയോളജി വകുപ്പിന്റെ അനുമതിയോടെയായതിനാൽ തടയാനാവില്ലെന്ന് ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു. താലൂക്ക് വികസന സമിതി യോഗത്തിൽ അംഗങ്ങൾ ഈ വിഷയത്തിൽ പ്രശ്നമുന്നയിച്ചപ്പോഴാണ് തഹസിൽദാർ ഇങ്ങനെ പ്രതികരിച്ചത്.
കോട്ടാമലയിലെ മണ്ണെടുപ്പിനെ കുറിച്ച് ചാലക്കുടി താലൂക്ക് വികസന സമിതി യോഗത്തിൽ സജീവമായ ചർച്ചയായി. കോട്ടാമലയിലെ മണ്ണെടുപ്പ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വൈകാതെ പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽ പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാലക്കുടി ദേശീയപാതയിൽ ഇപ്പോൾ അപകടങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ അടിപ്പാതയുടെ നിർമാണത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അഭിപ്രായപ്പെട്ടു. മണ്ണെടുപ്പ് മൂലം മോതിരക്കണ്ണി മേഖലയിൽ വൻദുരന്തം സംഭവിക്കാതിരിക്കാൻ ഉടൻ മണ്ണെടുപ്പ് നിർത്തിവയ്ക്കണമെന്നും അധികാരികൾ പ്രശ്നം പഠിക്കണമെന്നും എൽ.ജെ.ഡി പ്രതിനിധി ജോർജ് വി. ഐനിക്കൽ ആവശ്യപ്പെട്ടു.
മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, ഐ.ഐ. അബ്ദുൽ മജീദ്, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.