ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി അടിപ്പാത നിർമാണ സ്ഥലത്തിന് മുകളിലൂടെ രണ്ട് ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് 6.40 ഓടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയത്. അതേസമയം, താഴെ അടിപ്പാതയിലൂടെയുള്ള ഗതാഗതം ആരംഭിച്ചിട്ടില്ല. അത് വൈകാനിടയുണ്ട്. ട്രാംേവ റോഡിലൂടെയാണ് അടിപ്പാത കടന്നുപോകുന്നത്. കാര്യമായ ജോലി അവിടെ അവശേഷിക്കുന്നില്ലെങ്കിലും ട്രാഫിക് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാവും ഇതിലൂടെ ഗതാഗതം ആരംഭിക്കുക. ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ ബോക്സിലൂടെ സുഗമമായി കടന്നുപോകാൻ റോഡ് കൂടുതൽ വികസിപ്പിക്കേണ്ടത് ആവശ്യമാണ്.
അടിപ്പാതയുടെ മുകളിലൂടെയുള്ള ഗതാഗതം ടാറിങ് ജോലിക്കനുസരിച്ച് ഭാഗികമായാണ് തുറന്നുകൊടുത്തത്. പടിഞ്ഞാറുവശത്തെ ടാറിങ് ജോലി പൂർത്തിയാക്കാൻ ആദ്യം കിഴേക്ക ട്രാക്കിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. പിന്നീട് കിഴക്കേ ട്രാക്ക് തടസ്സപ്പെടുത്തി പടിഞ്ഞാറ് വശത്തൂടെ വാഹനങ്ങൾ കടത്തിവിട്ടു. തൃശൂർ, എറണാകുളം രണ്ട് ട്രാക്കിെലയും ടാറിങ് പൂർത്തിയായതോടെയാണ് ശനിയാഴ്ച വൈകീട്ട് രണ്ട് ട്രാക്കിലൂടെയും ഒരുമിച്ച് വാഹനങ്ങൾ കടത്തിവിട്ടത്. ഇതോടെ ചാലക്കുടി മേഖലയിൽ ദേശീയപാതയിലെ ഗതാഗതം സാധാരണനിലയിൽ ആയി.
അതേസമയം, മുഴുവൻ ജോലിയും പൂർത്തിയായിട്ടില്ല. റോഡിന് നടുവിലെ ഡിവൈഡറുകൾ പൂർണമായും നിർമിച്ചിട്ടില്ല. അതുപോലെ മുകളിലെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ദേശീയപാതയിലെ ഗതാഗതം അപകടരഹിതമാക്കാൻ ഇവ രണ്ടും അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്. അതേസമയം, ദേശീയപാതയിലെ ഗതാഗതം ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ തിങ്കളാഴ്ച രാവിലെ 10.30 ന് ചടങ്ങ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബെന്നി ബഹനാൻ എം.പിയും മറ്റും. സംസ്ഥാന സർക്കാറോ കേന്ദ്ര സർക്കാറോ ഇതിനായി പരിപാടി ആസൂത്രണം ചെയ്യുന്നതിനെപറ്റി സൂചനയൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.